ജീവിതം ഭാരമാകരുത്

 ജീവിതം ഭാരമാകരുത്



ഒരിക്കൽ ഒരു യാത്രാ സംഘം  നീണ്ട ഒരു യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു. കാതങ്ങളോളം അവർക്ക്‌ കാൽനടയായിട്ടായിരുന്നു സഞ്ചരിക്കേണ്ടിയിരുന്നത്‌. അവർക്ക്‌ ധാരാളം ഭാരമേറിയ ഭാൺഡക്കെട്ടുകൾ ചുമന്നു കൊണ്ട്‌ പോകേണ്ടതുണ്ടായിരുന്നു.


യാത്ര പുറപ്പെടാൻ നേരം എല്ലാവരും ഒരോ ഭാൺഡക്കെട്ടെടുത്ത്‌ തുടങ്ങിയപ്പോൾ കൂട്ടത്തിലൊരാൾ പറഞ്ഞു.


“ഭക്ഷണസാധനങ്ങൾ നിറച്ച ഭാൺഡക്കെട്ട്‌ ഞാൻ ചുമന്നു കൊള്ളാം.”


ഇത്‌ കേട്ടതും എല്ലാവരും അവനെ നോക്കി കളിയാക്കിച്ചിരിച്ചു. കാരണം ആ ഭാൺഡങ്ങളിൽ ഏറ്റവും വലിയതും ഭാരമേറിയതുമായ ഭാൺഡമായിരുന്നു അത്‌.


അങ്ങനെ അവർ യാത്ര പുറപ്പെട്ടു. ഭാരമേറിയ ആ ഭാൺഡവും ചുമന്നു കൊണ്ടയാൾ വേച്ചു വേച്ചു നടക്കുന്നത്‌ കണ്ട്‌ മറ്റുള്ളവർ അയാളെ പുച്ഛത്തോടെ പരിഹസിച്ചുകൊണ്ടിരുന്നു. പക്ഷെ അയാൾ അതൊന്നും ശ്രദ്ധിക്കാതെ ആ ഭാൺഡവും പേറി തന്റെ യാത്ര തുടർന്നു. എല്ലാവരുടെ ചുമലിലും അത്യാവശ്യം ഭാരമുള്ള ഭാൺഡങ്ങളുണ്ടെങ്കിലും തന്റെ ഭാൺഡത്തിന്റെ ഭാരക്കൂടുതൽ കാരണം അയാൾ വളരെ പിന്നിലായിട്ടായിരുന്നു നടന്നിരുന്നത്‌.


അങ്ങനെ കുറേ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ അവർ ഒരിടത്ത്‌ ഭക്ഷണം കഴിക്കാനിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഭാൺഡത്തിന്റെ ഭാരത്തിൽ കാര്യമായ കുറവ്‌ വന്നു. അപ്പോൾ അയാൾക്ക്‌ പഴയതിലും വേഗത്തിലും എളുപ്പത്തിലും നടക്കാൻ സാധിച്ചു. കുറേ ദൂരം കൂടി പിന്നിട്ടപ്പോൾ അവർ വീണ്ടും ഭക്ഷണം കഴിക്കാനിരുന്നു. അപ്പോൾ വീണ്ടും ഭാൺഡത്തിന്റെ ഭാരം കുറഞ്ഞു. അപ്പോൾ അയാൾക്ക്‌ കുറേക്കൂടി ആയാസരഹിതമായി നടക്കാൻ സാധിച്ചു. അവർ ഭക്ഷണം കഴിക്കുന്നതിനനുസരിച്ച്‌ ഭാൺഡത്തിന്റെ ഭാരം കുറഞ്ഞു കൊണ്ടേയിരുന്നു. കുറേ ദൂരം കൂടി പിന്നിട്ട്‌ കഴിഞ്ഞപ്പോൾ അയാൾക്ക്‌ ചുമക്കാൻ ഒന്നും തന്നെയുണ്ടായിരുന്നില്ല. അയാൾ വളരെ വേഗത്തിൽ, ഊർജ്ജസ്വലനായി നെഞ്ചും വിരിച്ച്‌ നടക്കാൻ തുടങ്ങി. എന്നാൽ നേരത്തെ അയാളെ പരിഹസിച്ചവരും കളിയാക്കിച്ചിരിച്ചവരുമെല്ലാം അപ്പോഴും തങ്ങളുടെ ഭാരിച്ച ഭാൺഡങ്ങളും ചുമന്നു വളരെ പ്രയാസപ്പെട്ട്‌ നടക്കുകയായിരുന്നു. ഒരേ തോതിലുള്ള ഭാരം ചുമന്നുകൊണ്ട്‌ കാതങ്ങളോളം നടന്നതിനാൽ അവരുടെ ഊർജ്ജം പാടേ നഷ്ടപ്പെട്ടിരുന്നു.


ഈ കഥയിൽ നിന്ന് നമുക്ക്‌ വലിയൊരു സന്ദേശം ഉൾക്കൊള്ളാനുണ്ട്‌.


ഭക്ഷണ സാധനങ്ങൾ നിറച്ച ഭാൺഡത്തിന്‌ ഭാരം കൂടുമെന്ന് അറിഞ്ഞുകൊണ്ട്‌ തന്നെയാണ്‌ അയാൾ ആ ഭാൺഡം തന്നെ തെരഞ്ഞെടുത്തത്‌. പക്ഷെ ആരും ചിന്തിക്കാത്ത ഒരു കാര്യം കൂടി അയാൾ ചിന്തിച്ചു. ഭക്ഷണം തീരുന്നതിനനുസരിച്ച്‌ ഭാൺഡത്തിന്റെ ഭാരവും കുറയുമെന്ന്….


നടന്നു തുടങ്ങുമ്പോൾ അയാൾ ഊർജ്ജസ്വലനായിരുന്നതിനാൽ ആ വലിയ ഭാൺഡത്തിന്റെ ഭാരം അയാൾക്ക്‌ ചുമക്കാൻ സാധിച്ചു. എന്നാൽ അയാളുടെ ഊർജ്ജം കുറയുന്നതുനനുസരിച്ച്‌ ഭാൺഡത്തിന്റെ ഭാരവും കുറഞ്ഞു കൊണ്ട്‌ വന്നതിനാൽ അയാൾക്ക്‌ ആ യാത്ര ക്ലേശകരമായി തോന്നിയതേയില്ല. എന്നാൽ ഒട്ടും ദീർഘ വീക്ഷണമില്ലാതെ തരതമെന്യേന ഭാരം കുറഞ്ഞ ഭാൺഡങ്ങളെടുത്തവരുടെ സ്ഥിതി നേരെ മറിച്ചായിരുന്നു….


ഈ തത്വം നമ്മുടെ ജീവിതത്തിലും ബാധകമാണ്‌. നമ്മളിൽ പലരും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നവരാണ്‌. പ്രത്യേകിച്ച്‌ പുതിയ തലമുറയിലെ ചെറുപ്പക്കാർ. എന്നാൽ ശരീരത്തിനും മനസ്സിനും ശക്തിയും ആരോഗ്യവുമുള്ളപ്പോൾ നാം വലിയ ഭാരങ്ങളെടുക്കാൻ തയ്യാറായാൽ തുടർന്നുള്ള യാത്ര സുഗമവും ക്ലേശരഹിതവുമായിരിക്കും. അവർക്ക്‌ ജീവിതത്തിന്റെ ഒരു ഘട്ടം പിന്നിട്ട്‌ കഴിഞ്ഞാൽ പിന്നീടുള്ള ജീവിതം പ്രയാസരഹിതമായിരിക്കും. ആരോഗ്യമുള്ളപ്പോൾ വലിയ ഭാരങ്ങൾ ചുമക്കാൻ മടി കാണിക്കാത്തവർക്ക്‌ അരോഗ്യം ക്ഷയിക്കുന്ന കാലത്ത്‌ ജീവിതം ഒരിക്കലും ഒരു ഭാരമാവുകയില്ല.

Comments