വീടിന്റെ അകത്തളങ്ങളിൽ തിന്മ വിളയിക്കരുത്

ഒരാളുടെ ജീവിതത്തിൽ നന്മതിന്മകൾ വരുത്തുന്നതിൽ വീടും പരിസരവും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഗൃഹാന്തരീക്ഷം നന്മ നിറഞ്ഞതാകണം. എങ്കിൽ മാത്രമേ വളർന്നു വരുന്ന മക്കൾ നല്ലവരായിത്തീരുകയുള്ളൂ.


 വീടിന്റെ അകത്തളം നന്മ നിറഞ്ഞതല്ലെങ്കിലോ..? അവിടെ വളരുന്ന മക്കൾ ദുർവൃത്തരും നന്മയോട് പുറംതിരിഞ്ഞ് നിൽക്കുന്നവരുമാകും.

 ഒരു മനുഷ്യന്റെ പ്രഥമ പാഠശാല പിറന്നുവീഴുന്ന വീടാണ്. മതപരമായി എത്ര അറിവുകൾ സ്വായത്തമാക്കിയാലും വീടിന്റെ അകത്തളമാണ് കുട്ടിയെ ഒരു പരിധിവരെ സ്വാധീനിക്കുന്നത്. മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയവരൊക്കെ കുട്ടിയുടെ ആദ്യത്തെ ഗുരുനാഥന്മാരാണ്. അവരുടെ ജീവിതം കണ്ടാണ് കുട്ടി പഠിക്കുന്നത്.

 മാതാവിന്റെ മടിത്തട്ടാണ് കുട്ടിയെ രൂപപ്പെടുത്തുന്നത്. ഗർഭാശയത്തിൽ കിടക്കുന്ന കുഞ്ഞിന് പോലും മാതാവിനെ അനുകരിക്കാനുള്ള കഴിവുണ്ടത്രെ. ഒരാൾ ഏതൊരു വീട്ടിലേക്കാണോ ജനിച്ചു വീഴുന്നത് അവിടെയുള്ള ആചാരാനുഷ്ഠാനങ്ങളെല്ലാം അവന്റേതുമാണ്. വീട്ടുകാരുടെ ഭാഷ അവന്റെ കൂടെ ഭാഷയാണ്. അവരുടെ മതമാണ് അവന്റെയും മതം. അവർ എന്തിനെയെല്ലാം അനുകൂലിക്കുന്നുവോ അവയെല്ലാം അവനും അനുകൂലിക്കും.

 നബി ﷺ പറഞ്ഞു: 'ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് ശുദ്ധഗതിക്കാരായാണ്. മാതാപിതാക്കളാണവനെ ക്രിസ്ത്യാനിയും ജൂതനും തീയാരാധകനുമാക്കുന്നത്.'
  (ഹദീസ്) 

' അഗ്നിച്ചിറകുകൾ എന്ന ഗ്രന്ഥത്തിൽ എ.പി.ജെ അബ്ദുൽ കലാം ഇങ്ങനെ എഴുതി: 'എല്ലാ കുട്ടിയും ജനിച്ചുവീഴുന്നത് മാതാപിതാക്കളിൽ നിന്നും കുറച്ച് സ്വഭാവങ്ങൾ പാരമ്പര്യമെടുത്ത് പ്രത്യേകമായ സാമൂഹിക സാമ്പത്തിക സ്ഥിതികളിലേക്കും വൈകാരിക സാഹചര്യങ്ങളിലേക്കുമാണ്. അവൻ നിയന്ത്രിക്കപ്പെടുന്നതിനനുസരിച്ച് സ്വഭാവങ്ങൾ രൂപപ്പെടും.'

 ജീവിതത്തിന്റെ ഗതി നിർണയിക്കുന്നതിൽ പലപ്പോഴും ഭവന സാഹചര്യങ്ങൾ വല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ത്യയുടെ ഉരുക്കു വനിതയായി അറിയപ്പെട്ടിരുന്ന ഇന്ദിരാഗാന്ധിയെ നോക്കുക, കുട്ടിക്കാലത്തെ ഭവന സാഹചര്യങ്ങളും പിരിമുറുക്കങ്ങളുമാണ് അവരെ ഒരു പരുക്കൻ വനിതയാക്കി മാറ്റിയതെന്ന് പറയപ്പെടുന്നു. ഓക്സ്ഫോർഡ് സർവകലാശാലയിലെ പഠനകാലത്ത് ഫിറോസ് ഗാന്ധിയുമായി അടുക്കുകയും പിന്നീട് വിവാഹബന്ധം താളംതെറ്റിയപ്പോൾ മാനസികമായ പിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെട്ടതും ഭവന സാഹചര്യത്തിലെ അനുഭവങ്ങൾ കൊണ്ടാണ്...
അടിയന്തിരാവസ്ഥയും ബ്ലൂസ്റ്റാർ ഓപ്പറേഷനുമൊക്കെ ഈ ഭവന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അവരുടെ ജീവിതം ഗവേഷണം ചെയ്തെടുത്തവർ പറഞ്ഞുവെച്ചിട്ടുണ്ട്.

 തൂക്കിലേറ്റപ്പട്ട സദ്ദാം ഹുസൈനിലും ബാല്യകാല ഭവന സാഹചര്യങ്ങൾ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

 ചമ്പൽ കാടുകളെ വിറപ്പിച്ച ഫൂലൻ ദേവിയിൽ അടങ്ങാത്ത പോരാട്ടവീര്യം കുത്തിനിറച്ചതും മറ്റൊന്നല്ല. തന്റെ ആത്മകഥാകാരി മാലാ സെന്നിനോട് അവർ പറഞ്ഞത് നോക്കുക: 

 'ക്ഷുഭിതമായ ഒരു ജീവിതത്തിലേക്കാണു ഞാൻ പിറന്നു വീണത്. എന്നെ വിശ്വസിക്കൂ എന്റെ മരണവും ഉഗ്രതരമായിരിക്കും.' ഭവന സാഹചര്യം സംസ്കരിക്കപ്പെടാത്തതാണ് മതവിദ്യ നേടിയിട്ടും സമൂഹം അധഃപതിക്കാനുള്ള പ്രധാന കാരണം.

 നമ്മുടെ വീടുകളുടെ അകത്തളം ഇന്നെന്തുമാത്രം മലീമസമായിരിക്കുന്നു. എല്ലാവിധ അരുതായ്മകളും ആദ്യമായി ഇറക്കുമതി ചെയ്യുന്നത് നമ്മുടെ വീടുകളിലാണ്. വേണ്ടാത്തരങ്ങൾ ലൈവായി എത്തിച്ചുതരാൻ ചാനലുകൾ പരസ്പരം മത്സരിക്കുകയാണ്. മാതാവും പിതാവും മക്കളുമൊക്കെ ഒന്നിച്ചിരുന്നാണ് അശ്ലീലതകൾ മോന്തിക്കുടിക്കുന്നത്. ഇശാ -മഗ്രിബിനിടയിൽ മാലമൗലിദുകൾകൊണ്ട് ഭക്തിനിർഭരമായിരുന്ന നമ്മുടെ വീടുകൾ ഇന്നെവിടെ എത്തിനിൽക്കുന്നു..? 

 നടീ - നടന്മാരുടെ ആശ്ലേഷണത്തിന്റ സീൽക്കാര ശബ്ദമാണ് നമ്മുടെ വീടുകളിൽ നിന്നും മുഴങ്ങുന്നത്. കുട്ടികൾ ഓതിപ്പഠിച്ചിരുന്ന കാലം അസ്തമിച്ചു. പകരം അവരും പേക്കൂത്തുകളിൽ പങ്കുചേർന്നു..!!

 വീട്ടിലുള്ളവരൊക്കെ സിനിമയും സീരിയലും മറ്റുമൊക്കെ കണ്ട് ആസ്വദിക്കുമ്പോൾ കുട്ടികൾ മാത്രം എങ്ങനെ ഓതിപ്പഠിക്കും..? അൽപം മതഭക്തിയും അല്ലാഹുﷻവിനെ ഭയവുമൊക്കെ ഉണ്ടായിരുന്ന ഉമ്മമാർ പോലും റിമോട്ടും പിടിച്ച് മുമ്പിൽ കുത്തിയിരിക്കുകയാണ്. ചുരുക്കത്തിൽ നമ്മുടെ വീടുകൾ സർവ തിന്മകളുടെയും രംഗഭൂമിയായി മാറിയിരിക്കുന്നു. 

 മദ്റസയിൽ നിന്ന് നിസ്കരിക്കണമെന്ന് പഠിച്ച ഒരു വിദ്യാർത്ഥി, വീട്ടിൽ അത്തരമൊരു ശീലം പലപ്പോഴും കാണുന്നില്ല. കള്ളവും അസഭ്യവും പറയരുതെന്ന് പഠിച്ച വിദ്യാർത്ഥിക്ക് സ്വന്തം മാതാപിതാക്കളിൽ നിന്ന് പോലും കടുത്ത അശ്ലീല പ്രയോഗങ്ങൾ കേൾക്കേണ്ടിവരുന്നു. ചുരുക്കത്തിൽ മദ്റസയിൽ നിന്നും പഠിച്ചതിനു നേർവിപരീതമാണ് ഗൃഹാന്തരീക്ഷത്തിൽ ഒരു വിദ്യാർത്ഥിക്ക് കാണാനാവുന്നത്.

 കുടുംബാന്തരീക്ഷം സംസ്കരിക്കപ്പെടുമ്പോൾ മാത്രമാണ് ഇവിടെ സമൂഹം സംസ്കരിക്കപ്പെടുന്നത്. രക്ഷിതാക്കളുടെ നിരുത്തരവാദപരമായ ഇത്തരം സമീപനം മക്കൾ വഴിപിഴക്കാൻ കാരണമാവുന്നു. നല്ല ശീലങ്ങളും മതനിയമങ്ങളും കുട്ടി പ്രായോഗികമായി പഠിക്കേണ്ടത് വീട്ടിൽ നിന്നാണ്. സ്വന്തം മതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നുമാണ്.

 അത്തരത്തിലൊന്ന് ഇല്ലാതാകുമ്പോൾ എത്ര വിദ്യ നേടിയാലും ധാർമികമായി വളരാൻ സാധിക്കുകയില്ല.

Comments