കൊറോണ പഠിപ്പിച്ച മിതത്വം
കൊറോണ പഠിപ്പിച്ച മിതത്വം
arivinnilave
എന്റെ സ്വന്തം ഗ്രാമത്തിലെ പ്രസിദ്ധമായ പള്ളിയുടെ ഖബർസ്ഥാനിൽ കൊവിഡ് പോസിറ്റീവായി മരണപ്പെട്ട ഒരാളുടെ ഖബറടക്കം നടക്കുകയാണ്.
സാധാരണ ഗതിയിൽ ഗ്രാമത്തിൽ ഒരു മരണം നടന്നാൽ മരണവീട്ടിലും ഖബറടക്കം നടക്കുന്ന പള്ളിപ്പരിസരത്തും ഒരു ഗ്രാമവും അതിന്റെ പരിസരപ്രദേശങ്ങളും മൊത്തം സമ്മേളിച്ചിരിക്കും. മരണത്തിന് മുമ്പ് സമൂഹത്തിന്റെ ഏതെങ്കിലും മേഖലയിൽ ചെറിയ എന്തെങ്കിലും സംഭാവന തന്റേതായി അർപ്പിച്ച വ്യക്തിയാണ് മരിച്ചതെങ്കിൽ പറയാനുമില്ല.
പക്ഷേ, കൊറോണ എന്ന ഒരദൃശ്യ വൈറസ് എല്ലാ രംഗത്തു നിന്നും ആൾക്കൂട്ടങ്ങളെ അടിച്ചോടിച്ചു കളഞ്ഞിരിക്കുന്നു !
ഓരോ മരണവീടിനെയും ഖബർസ്ഥാനിനേയും അത് വിജനവും വിമൂകവുമാക്കിയിരിക്കുന്നു. മരണവീടുകളിൽ നിന്നും ഖുർആൻ പാരായണത്തിന്റെ ധ്വനികൾ നേർത്തു നേർത്തില്ലാതായിരിക്കുന്നു.
മയ്യിത്ത് മറവു ചെയ്യുന്നിടത്തു നിന്നും 'അല്ലാഹുമ്മ സബ്ബിത് ഹൂ ഇൻദ സുആൽ... ' എന്ന പ്രാർത്ഥന പോയ്മറഞ്ഞിരിക്കുന്നു ! 'മൂന്നി'ന്റെ യാസീനും '40' ന്റെ മൗലീദും ഇല്ലാതാവുന്നു. അവയുടെ പേരിലുള്ള 'ചീരണി'കൾ പൊതിക്കെട്ടുകളായി വീടുകളിൽ എത്തിക്കുന്ന കാലം സംജാതമായിരിക്കുന്നു....
ദിക്ർ ചൊല്ലി, യാസീനും ഖത്തവും ഓതി, മൗലീദ് പാരായണം ചെയ്ത് പരേതന് / പരേതയ്ക്ക് 'ഹദിയ്യ' ചെയ്തിരുന്ന കാലവും കടന്നു പോവുകയാണ്...'
അങ്ങനെ കാലങ്ങളായി നാം പിന്തുടർന്നു വന്നിരുന്ന വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ഒക്കെയും ഒരു വൈറസ് തകർത്തെറിയുകയാണ്.
മരണവീടുകൾ മാത്രമല്ല, ഉല്ലാസത്തിന്റെ രംഗവേദിയായ കല്യാണവീടുകളും മാറുകയാണ്...
സന്തോഷത്തിലായാലും സന്താപത്തിലായാലും എത്രപേർക്ക് പങ്കെടുക്കാം എന്ന് കൊറോണ തീരുമാനിച്ച് ഉത്തരവിടുകയാണ്.
നൂറ്റാണ്ടുകളായിട്ട് മതങ്ങളും മതപുരോഹിതന്മാരും പ്രഭാഷകരും തല തല്ലിക്കരഞ്ഞ് 'ധൂർത്ത് അരുത്, അഹങ്കാരം അരുത്, മിതത്വം പാലിക്കുക, ധൂർത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല ' എന്നു പറഞ്ഞിട്ടും അതിനെയെല്ലാം കാറ്റിൽ പറത്തി സ്വേച്ഛ പ്രകാരം നടന്നിരുന്ന മനുഷ്യർ ഇന്ന് കൊറോണ എന്ന അദൃശ്യ വിധികർത്താവിന്റെ ഉത്തരവുകൾക്കു മുന്നിൽ വിവശരായി കീഴടങ്ങുന്നു...!
പക്ഷേ, ഇതും മനുഷ്യന്റെ ' പാഠം പഠിക്കൽ' ഒന്നുമല്ല. താൽക്കാലിക ഭീതിക്കു മുന്നിലെ താൽക്കാലിക കീഴടങ്ങൽ മാത്രം. ഭീതിയുടെ ചെറിയൊരു പാട ഒന്നു നീങ്ങുന്നു എന്നു കാണട്ടെ. അന്നവൻ വീണ്ടും ഭൂമിക്കു മേൽ പൂർവ്വാധികം അഹങ്കാരിയും ധൂർത്തനും നിഷ്ഠൂരനുമായി മാറും....
അതാണ് മനുഷ്യൻ..!

Comments