ഭാര്യക്ക് വേണ്ടി ചിലവഴിച്ച ദീനാർ
ഭാര്യക്ക് വേണ്ടി ചിലവഴിച്ച ദീനാർ
ഭാര്യയ്ക്കും കുടുംബത്തിനും ചെലവ് ചെയ്യുന്നത് ബാധ്യതകൾക്കപ്പുറം വലിയ പുണ്യമുള്ള കാര്യമാണ്. രോഗചികിത്സ പോലുള്ള ബാധ്യത ഇല്ലാത്ത ചെലവും ഭർത്താവ് വഹിക്കുന്നതോടെ അത് ഏറെ പ്രതിഫലാർഹമായിത്തീരുന്നു.
വിശുദ്ധ ഖുർആൻ പറയുന്നു: 'നിങ്ങൾ ഏതൊരു വസ്തു ചെലവഴിച്ചാലും അല്ലാഹു ﷻ അതിനു പകരം നൽകും' (34:39)
നബി ﷺ പറയുന്നു: 'അല്ലാഹുﷻവിനു വേണ്ടിയുള്ള സമരമാർഗത്തിൽ ചെലവഴിച്ച ഒരു ദീനാർ, ഭാര്യയ്ക്കു വേണ്ടി ചെലവഴിച്ച ഒരു ദീനാർ എന്നിവയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ഭാര്യയ്ക്കു വേണ്ടി ചെലവഴിച്ച ദീനാറാണ് '
(മുസ്ലിം)
നബി ﷺ പറഞ്ഞതായി അബൂമസ്ഊദ് (റ) റിപ്പോർട്ട് ചെയ്യുന്നു: 'ഒരാൾ അല്ലാഹുﷻവിന്റെ പ്രീതി മോഹിച്ച് ഭാര്യയ്ക്ക് ചെലവിനു കൊടുത്താൽ അതു സ്വദഖയാണ് '
(ബുഖാരി മുസ്ലിം)
അബൂമസ്ഊദ് (റ) നിവേദനം, നബി ﷺ അരുളി: അല്ലാഹുﷻവിന്റെ പ്രതിഫലം കാംക്ഷിച്ചു കൊണ്ട് തന്റെ കുടുംബത്തിനുവേണ്ടി ഒരാൾ ധനം ചെലവ് ചെയ്താൽ അത് അവന്റെ പുണ്യദിനമായി പരിഗണിക്കും...
(ബുഖാരി)
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: ഏറ്റവും നല്ല ദാനധർമ്മം സമ്പത്തിന്മേൽ സ്ഥിതിചെയ്യുന്ന നിലയ്ക്ക് നൽകുന്നതാണ്. നിനക്ക് ചെലവ് കൊടുക്കാൻ ബാധ്യതയുള്ളവരുടെ മേൽ നീ ആരംഭിക്കുക...
(ബുഖാരി)
ഉമർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ ബനൂ നളീർ ഗോത്രക്കാരുടെ തോട്ടു വിൽക്കുകയും തന്റെ കുടുംബത്തിന്റെ ഒരു വർഷത്തെ ചെലവിലേക്ക് അത് നീക്കി വയ്ക്കുകയും ചെയ്തിരുന്നു...
(ബുഖാരി)
സഅ്ദ് ബ്നു അബീവഖാസ് (റ) വിനോട് നബി ﷺ പറഞ്ഞു: അല്ലാഹുﷻവിന്റെ പ്രീതി കാംക്ഷിച്ച് നീ ചെലവഴിക്കുന്നതെന്തിനും നിനക്കു പ്രതിഫലം കിട്ടും. നിന്റെ ഭാര്യയുടെ വായിൽ നീ വെച്ചു കൊടുക്കുന്ന ഭക്ഷണപ്പിടിക്കു പോലും...
(ബുഖാരി, മുസ്ലിം)
ഭാര്യയും കുട്ടികളും തന്റെ ഔദാര്യത്തിൽ കഴിയുന്ന മട്ടിലാണ് ചില പുരുഷന്മാരുടെ നീക്കുപോക്കുകൾ. അവർക്കു ചെലവ് കൊടുക്കൽ തന്റെ ബാധ്യതയാണെന്ന കാര്യം തന്നെ അവർ ഓർക്കുന്നില്ല. അതിനാൽ ഭക്ഷണകാര്യത്തിൽ പോലും പിശുക്ക് കാണിക്കുന്നു. സാമ്പത്തികശേഷി ഉണ്ടായിട്ടും ഭാര്യാ സന്താനങ്ങൾക്ക് ആവശ്യമായതു നൽകാതെ പിശുക്ക് കാണിക്കുന്നതു ശരിയല്ല...
ഒരിക്കൽ അബൂസുഫ് യാൻ (റ) വിന്റെ ഭാര്യ നബിﷺയോട് പറഞ്ഞു: അബൂ സുഫ് യാൻ മഹാ പിശുക്കനാണ്. എനിക്കും കുട്ടികൾക്കും ആവശ്യമായതു നൽകാറില്ല. അദ്ദേഹമറിയാതെ ഞാനെടുക്കുന്നതൊഴികെ... നബി ﷺ പറഞ്ഞു: നിനക്കും കുട്ടികൾക്കും ന്യായമായ ആവശ്യത്തിനു മതിയായത് നീ എടുക്കുക...
(ബുഖാരി, മുസ്ലിം)
താൻ ചെലവിനു നൽകേണ്ടവരെ പാഴാക്കിക്കളയുകയെന്നത് ഒരു മനുഷ്യന് പാപത്തിന് അത്രയും മതി എന്നു നബിﷺതങ്ങൾ പറഞ്ഞിട്ടുണ്ട്.
ഭാര്യക്കും മക്കൾക്കും ഒന്നും നൽകാതെ പിശുക്ക് കാണിക്കുന്നവരുണ്ട്. എന്നതു പോലെത്തന്നെ വാരിക്കോരി ചെലവഴിക്കുന്നവരുമുണ്ട്. അവർക്കാവട്ടെ ഒരു നിയന്ത്രണമോ പരിധിയോ ഇല്ല. തോന്നിയതു പോലെയാണ് സമ്പത്ത് ചെലവഴിക്കുന്നത്. ഇതും ശരിയല്ല. ഇവ രണ്ടിന്റെയും, അഥവാ പിശുക്കിന്റെയും ധൂർത്തിന്റെയും ഇടയിലുള്ള മധ്യമാർഗമാണ് നാം സ്വീകരിക്കേണ്ടത്.
സത്യവിശ്വാസികളുടെ വിശേഷണമായി വിശുദ്ധ ഖുർആൻ എണ്ണിപ്പറഞ്ഞ കാര്യങ്ങളിലൊന്നാണ് മിതത്വം. 'അവർ ചെലവ് ചെയ്യുമ്പോൾ അമിതവ്യയം ചെയ്യില്ല പറ്റെ പിശുക്ക് കാണിക്കുകയുമില്ല അതിനിടയ്ക്കുള്ള മിതമായ മാർഗം സ്വീകരിക്കുന്നവരാണവർ ' (25:67)
Comments