നാണമുണ്ടോ നമുക്ക്

 നാണമുണ്ടോ നമുക്ക്




ലജ്ജ, അറബിയിൽ # ഹയാഅ് എന്നു പറയും. ലജ്ജയുളളവരോടു ലജ്ജയെന്താണെന്നു വിവരിക്കേണ്ടതില്ലെന്നു തോന്നുന്നു. അതു കേവലം നാണം കുണുങ്ങലല്ല.


 ലജ്ജ ഈമാനിൽ നിന്ന് ഉരുവം കൊള്ളുന്നതാണെന്നാണു ഹദീസ്. അഥവാ യഥാർത്ഥ ലജ്ജ ഈമാനുളളവന്നു മാത്രമേ ഉണ്ടാകൂ. 


 ഒരാൾ തന്റെ സഹോദരനു ലജ്ജയെക്കുറിച്ചു ക്ലാസെടുക്കുന്നതു കണ്ട #നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) പറഞ്ഞത്രേ: "അയാളെ വിട്ടേക്കൂ... ഈമാനിൽ നിന്നേ ലജ്ജ ഉടലെടുക്കൂ"


 ഈമാനുണ്ടെന്ന് അവകാശപ്പെടുന്നവന്നു ലജ്ജയും ഉണ്ടായേ തീരൂ എന്നാണു ഹദീസുകൾ പഠിപ്പിക്കുന്നത്. ഇതിനൊരു മറുവശമുണ്ട്, അതു നബിവചനമായി ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു: ലജ്ജാരാഹിത്യം അഥവാ ലജ്ജയില്ലായ്മ കുഫ്റാണ്. ഇതിനർത്ഥം ലജ്ജയില്ലാത്ത മുസ്‌ലികളെല്ലാം കാഫിറുകളാണെന്നല്ല. മറിച്ചു ലജ്ജാരാഹിത്യം ഒരുത്തനെ കുഫ്റിലേക്കെത്തിച്ചെന്നു വരുമെന്നാണ്. 


 ലജ്ജയില്ലാത്തവൻ ദീനിൽ ആക്ഷേപാർഹമായ പലതും ചെയ്തെന്നു വരും. അല്ലാഹു ﷻ കാണുന്നുണ്ടെന്ന ചിന്തയോ ഒരുനാൾ അല്ലാഹുﷻവിന്റെ മുന്നിൽ വിചാരണയ്ക്കു നില്ക്കേണ്ടതാണെന്ന ബോധമോ അവനുണ്ടാവുകയില്ല. അല്ലാഹുﷻവിനെ ധിക്കരിച്ചു പല കൊളളരുതായ്മകളും ചെയ്യാൻ സ്വാഭാവികമായും ഈ അശ്രദ്ധ കാരണമായേക്കാം. അത്തരം തെമ്മാടിത്തരങ്ങളിൽ ദീനിൽ നിന്നു പുറത്തു പോയേക്കാവുന്ന സംഗതികളും ഉൾപ്പെടാനുളള സാധ്യത തളളിക്കളയാൻ കഴിയില്ലല്ലോ? അതു സൂചിപ്പിക്കുന്നതാണു മുകളിലെഴുതിയ നബിവചനം. അല്ലാഹു അഅ്ലം.


 ലജ്ജയുടെ അനന്തരഫലം എല്ലായ്പ്പോഴും നന്മ നിറഞ്ഞതായിരിക്കും. # ഇമാം_ബുഖാരി, #ഇമാം_മുസ്‌ലിം (റഹിമഹുമല്ലാഹ്) എന്നിവർ തങ്ങളുടെ സ്വഹീഹുകളിൽ ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം, ലജ്ജ ഖൈറല്ലാതെ പ്രദാനം ചെയ്യില്ല. സ്വാദിഖുൽമസ്ദൂഖിന്റെ വാക്കുകളാണ്. സംശയിക്കണ്ട. 


 പക്ഷെ എല്ലാ ലജ്ജയും ഇങ്ങനെയാണോ? തീർച്ചയായും അല്ല. ലജ്ജ പല വിധമുണ്ട്. പടച്ചവനെക്കുറിച്ചോർത്തുളള ലജ്ജ, പടപ്പുകളെക്കുറിച്ചോർത്തുളള ലജ്ജ, പടച്ചവനെയും പടപ്പുകളെയും ഒരുമിച്ചോർത്തുളള ലജ്ജ, ഈ ക്രമത്തിൽ ലജ്ജയെ നമുക്കു മൂന്നു പ്രധാന ഇനങ്ങളായി തിരിക്കാം. 


 അല്ലാഹു ﷻ കാണുന്നുവല്ലോ എന്ന ചിന്തയിൽ തെറ്റുകളിൽ നിന്നു മാറി നില്ക്കുന്ന അവസ്ഥയാണ് ഒന്നാമത്തത്. അവൻ നന്മകളും പുണ്യപ്രവൃത്തികളും ചെയ്യുന്നത് അവയ്ക്കു പകരം തിന്മകൾ ചെയ്താൽ തന്റെ റബ്ബിന്റെ മുന്നിൽ താൻ കൊള്ളരുതാത്തവനാകുമല്ലോ എന്ന നാണം മൂലമാണ്. ലജ്ജകളുടെ കൂട്ടത്തിൽ ഏറ്റവും മഹത്ത്വപൂർണ്ണമായ ലജ്ജ ഇതാണെന്നു പറയേണ്ടതില്ലല്ലോ? 

 ജനങ്ങളെക്കുറിച്ചോർത്തുളള ലജ്ജ ഇതിനു വിപരീതമാണ്. അവൻ വിഷയമാക്കുന്നതു ജനങ്ങളെയാണ്. ഇന്നയിന്ന നന്മകളും പുണ്യപ്രവൃത്തികളുമൊന്നും താൻ ചെയ്തില്ലെങ്കിൽ ജനങ്ങളുടെ മുന്നിൽ തനിക്കതൊരു കുറവാണല്ലോ? അവർ തന്നെ പരിഹസിക്കുമല്ലോ? എന്ന ചിന്തയാണ് അവനെ അത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഇതു വളരെ മോശമാണെന്നു പറയേണ്ടതില്ല. രിയാഅ് അഥവാ ലോകമാന്യമെന്ന ഹൃദയരോഗമാണിത്. ഒരുവിധത്തിലുളള ശിർകായിട്ടാണ് ഇതിനെ പ്രമാണങ്ങൾ പരിചയപ്പെടുത്തുന്നത്. 


 അല്ലാഹു ﷻ വിഷയമാണ്, അതേ സമയം ജനങ്ങളും വിഷയമാണ്. അല്ലാഹുﷻവിനെ പേടിച്ചിട്ടാണ് ഒരു നന്മ ചെയ്യുന്നത്, അതല്ലെങ്കിൽ ഒരു തിന്മയിൽ നിന്നു വിട്ടു നില്ക്കുന്നത്. അതോടൊപ്പം ജനങ്ങളുടെ ആക്ഷേപത്തെയും അവൻ പരിഗണിക്കുന്നുണ്ട്. ഇന്നതു ചെയ്താൽ, ഇന്നതു ചെയ്തില്ലെങ്കിൽ ജനങ്ങളുടെ മുന്നിൽ താൻ പരിഹാസ്യനാകുമെന്ന ചിന്തയും അവനെ മഥിക്കുന്നുണ്ട്. ഇതത്ര ആശാസ്യമല്ലെങ്കിലും രണ്ടാമത്തെ ഇനത്തോളം മോശമാണെന്ന് ഇതിനെപ്പറ്റി പറഞ്ഞു കൂട. ആദ്യ ഇനത്തിന്റെ മഹത്ത്വം എന്തായാലും ഇതിനില്ല. 


 ഇതൊരു തരം ഹതഭാഗ്യരുടെ അവസ്ഥയാണ്. തന്റെ പൊരുത്തം മാത്രം ലക്ഷ്യം വച്ചു ചെയ്യേണ്ട സംഗതികളിൽ മറ്റുളളവരെക്കൂടി പരിഗണിക്കുന്നവർക്ക് അല്ലാഹു ﷻ നല്കുന്ന ഒരു ശിക്ഷ കൂടിയാണിത്. പടപ്പുകളോടുളള പേടി അവന്റെ ഖൽബിലിട്ടു കൊടുക്കുന്നു. ഇതിൽ നിന്നു മോചിതനാകാനായിരിക്കണം അവന്റെ ശ്രമം മുഴുവൻ.


 ഇപ്പറഞ്ഞ മൂന്നിനം ലജ്ജകളും അല്ലാഹുﷻവിന്നു വഴിപ്പെടുന്ന കാര്യത്തിലുളളതാണ്. ഇതല്ലാത്ത ലജ്ജകളുമുണ്ട്. ഒരു സാമ്പിൾ നോക്കൂ...


 ലജ്ജ മൂലം നാം ഔറത്തു മറയ്ക്കുന്നു. ഇതു ജനങ്ങളെ പരിഗണിച്ചാണ്. ജനങ്ങൾ കാണുമല്ലോ എന്നോർത്താണ് ഔറത്തു മറയ്ക്കുന്നതെങ്കിലും ഇതിനു നമുക്കു പ്രതിഫലമുണ്ട്, കാരണം നമ്മുടെ ഔറത്തു കാണൽ അനുവദനീയമല്ലാത്തവരിൽ നിന്നതു മറച്ചു വയ്ക്കാനുളള കല്പന ദീനിന്റേതാണ്. ഇവിടെ നമ്മുടെ ലജ്ജ ജനങ്ങൾ കാണുമല്ലോ എന്നോർത്തിട്ടാണ്. എന്നാലത് ആക്ഷേപാർഹമല്ല. 


 ഇനി ഇതേ സംഗതി അഥവാ ഔറത്തു മറയ്ക്കൽ അല്ലാഹുﷻവിനെക്കുറിച്ചോർത്തും സംഭവിക്കും. പടപ്പുകളാരും കാണില്ലെന്നുറപ്പുളളപ്പോൾ അഥവാ തനിച്ചിരിക്കുന്ന അവസ്ഥയിൽ ഔറത്തു മറയ്ക്കൽ നിർബന്ധമില്ലല്ലോ? എന്നാൽ തത്സമയത്തും അല്ലാഹു ﷻ തന്നെ കാണുന്നുണ്ടല്ലോ എന്ന ചിന്തയിൽ ഔറത്തു മറയ്ക്കുന്നത് അല്ലാഹുﷻവിനെക്കുറിച്ചോർത്തുളള ലജ്ജയാണ്. ഇതു വേറെ ലെവൽ ചിന്തയാണെന്നു പറയേണ്ടതില്ലല്ലോ? 


 ലജ്ജയുടെ മറ്റൊരു വേർഷനാണു മകന്നു പിതാവിനോടും ഭാര്യയ്ക്കു ഭർത്താവിനോടും ചെറിയവർക്കു വലിയവരോടും ജാഹിലിന് ആലിമിനോടുമൊക്കെ തോന്നുന്ന ലജ്ജ. ഇതെല്ലാം മൊത്തത്തിൽ സ്തുത്യര്‍ഹമാണ്. കാരണം ഇതിലെല്ലാം ആദരവും ബഹുമാനവും കലർന്നിട്ടുണ്ട്.


 കന്യകയുടെ മൗനം അവളുടെ സമ്മതമാണെന്നു പറയുക വഴി അവൾക്കും ലജ്ജാമുഖിയാകാനുള്ള അവസരം ഇസ്‌ലാം അനുവദിച്ചു കൊടുക്കുകയായിരുന്നു. 


 ഇവ്വിധം പ്രശംസനീയമായ ലജ്ജകൾ പലതുണ്ട്. അവയെണ്ണിപ്പറയുന്നതിനേക്കാൾ സൗകര്യം മോശപ്പെട്ട ലജ്ജകൾ ചൂണ്ടിക്കാണിക്കലാണ്. ജനങ്ങളുടെ ആക്ഷേപമോ പരിഹാസമോ പേടിച്ചു ദീനിയ്യായ കാര്യങ്ങൾ പറയേണ്ടിടത്തു പറയാതിരിക്കലാണ് ഏറ്റവും മോശമായ ലജ്ജ. അറിയേണ്ട കാര്യങ്ങൾ ചോദിച്ചു പഠിക്കാൻ തടസ്സം നില്ക്കുന്ന ലജ്ജയും മോശം തന്നെ. 


 ലജ്ജയില്ലാത്തവർ ചെയ്യുന്ന പണികൾ ഏറെയുണ്ട്. അവയിൽ ചിലതു പരിചയപ്പെടുന്നതു നന്നായിരിക്കും. 


 ഭാര്യഭർത്താക്കൾ സ്വകാര്യതയിൽ സംസാരിക്കേണ്ടുന്ന കാര്യങ്ങള്‍ മറ്റൊരാളുടെ മുന്നിൽ വച്ചു സംസാരിക്കുന്നത്, അതു സ്വമക്കളുടെ മുന്നിൽ വച്ചാണെങ്കിലും ലജ്ജാഹീനമാണ്.


 മറ്റുളളവരുടെ വീടുകളിലേക്കും അവരുടെ സ്വകാര്യതകളിലേക്കും സമ്മതമില്ലാതെ കടന്നു ചെല്ലുന്നവരുണ്ട്. അവരൊട്ടും നാണമില്ലാത്തവരാണ്. 


 ഭർത്താവു മാത്രം കാണേണ്ട തന്റെ അഴകു മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്ന പെണ്ണും അവർ കണ്ട് ആസ്വദിക്കാനായി ഒരുങ്ങുന്ന പെണ്ണും നാണം തൊട്ടു തീണ്ടാത്തവരാണ്. അന്യരോടൊപ്പം കൂടിക്കലർന്നു കൂത്താടുന്നവളും തഥൈവ. 


 മുർസലായ ഒരു ഹദീസിൽ ഇങ്ങനെയുണ്ട്. എല്ലാ മതങ്ങൾക്കും ഓരോ സവിശേഷ സ്വഭാവങ്ങളുണ്ട്. ഇസ്‌ലാംദീനിന്റെ സവിശേഷ സ്വഭാവം ലജ്ജയാണ്. 


 ഇമാം_ബൈഹഖി (റഹിമഹുല്ലാഹ്) ഉദ്ധരിച്ച ഒരു ഹദീസിൽ ഈമാനിനെയും ലജ്ജയെയും ചങ്ങാതിമാരായാണു വിശേഷിപ്പിക്കുന്നത്. അവരിൽ നിന്ന് ആരു പോയാലും മറ്റേയാൾ കൂടെപ്പോകും. 


 നുബുവ്വത്തിന്റെ വാക്കുകളിൽ നിന്ന് ആദ്യമായി ജനങ്ങൾക്കു ലഭിച്ചതെന്താണെന്ന് അറിയുമോ?

അത് ഇതാണ്; 


"നാണമില്ലെങ്കിൽ നിനക്കു തോന്നിയതു ചെയ്തോളൂ.."


 നമുക്കു നാണമുണ്ടോ? ഒരാത്മവിചിന്തനമാകാം. ഉണ്ടെങ്കിൽ നാളെ ആഖിറത്തിൽ വിരലു കടിക്കേണ്ടി വരുന്ന സംഗതികൾ നാമിന്ന് എങ്ങനെ എഴുതും? എങ്ങനെ പറയും? എങ്ങനെ ചെയ്യും? 


 ഒരിക്കൽ കൂടി ചോദിക്കുക, നേരെചൊവ്വെ കണ്ണാടിയിൽ നോക്കി, ശരിക്കും എനിക്കു നാണമുണ്ടോ..? 


 അല്ലാഹുവേ, നീ ഉദ്ദേശിച്ച നാണം ഞങ്ങൾക്ക് ഏറ്റിത്തരണേ...

Comments