ഭർത്താവിന്റെ കഷ്ടപ്പാടിൽ സഹയാത്രികരാവാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ
ഭർത്താവിന്റെ കഷ്ടപ്പാടിൽ സഹയാത്രികരാവാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ
ഭർത്താവിൽ നിന്നു ലഭിക്കേണ്ട പല അവകാശങ്ങളുണ്ടെങ്കിലും അവനെക്കൊണ്ട് സാധിക്കാത്ത അവസ്ഥയിൽ അവ ലഭിക്കാനായി അവനെ നിർബന്ധിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും നല്ലതല്ല. അവകാശങ്ങൾക്കപ്പുറം ഭർത്താവിന്റെ കഷ്ടപ്പാടുകൾ അറിയുക എന്നത് സഹയാത്രിക എന്ന നിലയ്ക്ക് ബാധ്യതയാണ്.
ചെലവിനു പോലും വകയില്ലാതെ കഷ്ടപ്പെടുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ കടന്നു വരാം. ഇവിടെ സാന്ത്വനവും ധൈര്യവും പകർന്ന് കൂടെ നിൽക്കുകയാണ് ഉത്തമസഹധർമിണികൾ ചെയ്യേണ്ടത്.
റസൂലുല്ലാഹി ﷺ യുടെ സഹധർമിണികൾ ഇക്കാര്യത്തിൽ നമുക്ക് വലിയ മാതൃകയാണ്. പട്ടിണിയും പരിവട്ടവുമായി ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു കൂടിയിട്ടും അവർക്കാർക്കും ഒരു നിമിഷം പോലും ആ ജീവിതത്തോട് വെറുപ്പോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ല...
അതുപോലെ തന്നെ വീട്ടിലെ സൗകര്യങ്ങളുടെയും വേലക്കാരുടെയും അഭാവംമൂലം വീട്ടുജോലിയുടെ മുഴുവൻ ഭാരവും അവർ ഒറ്റയ്ക്ക് പേറിയപ്പോഴും ലവലേശം പോലും പ്രയാസം അവർക്കു തോന്നിയിട്ടില്ല. അപൂർവമായി അങ്ങനെ തോന്നിയവരോട് അവധാനപൂർവം കാര്യങ്ങൾ ഗ്രഹിപ്പിച്ചപ്പോൾ ആ മുഷിപ്പ് നിമിഷങ്ങൾക്കകം അലിഞ്ഞില്ലാതായി.
ആഇശ (റ) ഉർവ (റ) വിനോട് പറയുന്നു: 'എന്റെ മോനേ, ഞങ്ങൾ സൂര്യചന്ദ്രന്മാരെ ഒന്നിനു പിറകെ മറ്റൊന്നായി നോക്കുമായിരുന്നു. രണ്ട് മാസത്തിനകം മൂന്നു തവണ സൂര്യചന്ദ്രനെ കാണുമ്പോഴും റസൂലുല്ലാഹി ﷺ യുടെ വിവിധ വീടുകളിൽ തീ എരിഞ്ഞിട്ടുണ്ടാവില്ല'. ഉർവയുടെ ചോദ്യം: 'നിങ്ങളുടെ ഉപജീവനം എന്തായിരുന്നു..?' ആഇശ (റ): 'വെള്ളം, കാരക്ക എന്നീ രണ്ടു വസ്തുക്കൾ തന്നെ. റസൂലുല്ലാഹി ﷺ യുടെ അയൽക്കാരായ അൻസ്വാരികൾവശം പോറ്റാൻ വാങ്ങിയ ആടുകളുണ്ടായിരുന്നു എന്നതൊഴിച്ചാൽ ആ അയൽക്കാർ ഈ വളർത്തു ജീവികളുടെ പാലിൽ നിന്ന് നബിﷺക്കു നൽകുമായിരുന്നു. അത് ഞങ്ങൾക്കു കുടിക്കാൻ ലഭിക്കും '
(ബുഖാരി)
ഭർത്താവിന്റെ കഷ്ടപ്പാടിൽ സഹയാത്രികരാവാൻ വ്രതമെടുത്തവരായിരുന്നു പ്രവാചകപത്നിമാർ. നബി ﷺ പ്രഭാതങ്ങളിൽ തന്റെ ഭാര്യമാരുടെ വീടുകളിൽ കയറി ഭക്ഷണസ്ഥിതി അന്വേഷിക്കും. ഒമ്പത് ദിവസത്തിലൊരിക്കൽ കിട്ടുന്ന ഊഴമാണ് അവർക്ക് ഭർത്താവിന്റെ ഒരു ദിവസം. എങ്ങനെയെങ്കിലും ഭർത്താവിനെ സൽക്കരിക്കാൻ ആഗ്രഹമില്ലാതെയല്ല പക്ഷേ, പലപ്പോഴും ഭർത്താവ് വരുമ്പോൾ പ്രാതൽ ഉണ്ടാവില്ല. അപ്പോൾ പ്രവാചകൻ ﷺ പറയും: 'ഇന്ന് ഞാൻ നോമ്പെടുത്തു കൊള്ളാം'.
ഒരു കുഗ്രാമത്തിലാണ് അസീസ്ക്കയുടെ വീട്. അടുത്തിടെ പണി കഴിപ്പിച്ച ചെറിയൊരു ടെറസ് വീട്ടിലാണ് അദ്ദേഹത്തിന്റെ താമസം. ഭാര്യയും മൂന്നു മക്കളുമുണ്ട്. വീടിനോട് ചേർന്ന് തയ്യൽക്കട നടത്തുകയാണ് അസീസ്ക്ക. തരക്കേടില്ലാത്ത മട്ടിൽ നിത്യവൃത്തി കഴിഞ്ഞുപോവും എന്നേയുള്ളൂ അതിലപ്പുറം വരുമാനമൊന്നുമില്ല...
മൂത്തവൾക്ക് 16 കഴിഞ്ഞു. താഴെയുള്ളവൾ 11 ആം വയസ്സിലാണ്. ഇളയത് നാലു വയസ്സുള്ള ആൺ കുട്ടിയും. ഭാര്യയാണ് അസീസ്ക്കയുടെ പ്രശ്നം. ഓരോ ദിവസവും ഓരോ ആവശ്യങ്ങളാണവൾക്ക്. വീട്ടിലേക്ക് ആവശ്യമുള്ളവ തന്നെയാണവ. ആവശ്യമേയുള്ളൂ.. അത്യാവശ്യമൊന്നുമില്ല.
കഴിഞ്ഞാഴ്ച ഫ്രിഡ്ജിനായിരുന്നു അവൾ കിടന്ന് കൂകിയിരുന്നത്. അടവുകാരൻ വന്നപ്പോൾ നിവൃത്തിയില്ലാതെ അഡ്വാൻസ് കൊടുത്ത് വാങ്ങേണ്ടി വന്നു. ഇപ്പോഴിതാ വാഷിങ് മെഷീനിന് വേണ്ടിയുള്ള കരച്ചിലാണ്. അതൊന്നും ഇപ്പോൾ വേണ്ട, പിന്നെ വാങ്ങാം എന്ന് പറഞ്ഞാൽ അവൾ പല ന്യായങ്ങളും നിരത്തും. 'എല്ലാ വീട്ടിലുമുണ്ട് നമ്മുടെ വീട്ടിൽ മാത്രമേ ഇല്ലാത്തതൊള്ളൂ ഈ കണ്ടതെല്ലാം കൂട്ടി എനിക്കു വയ്യ അലക്കാൻ ' ഇങ്ങനെയൊക്കെ നീണ്ടുപോവും...
അവളുടെ കാരണങ്ങൾ മൂപ്പെത്തി നിൽക്കുന്ന പെൺക്കുട്ടിയെക്കുറിച്ചോ മറ്റോ അല്ല. അവളുടെ വേവലാതികൾ ഇത്തരം അത്യാവശ്യമില്ലാത്ത, അതും സാമ്പത്തികഭാരമുള്ള കാര്യങ്ങളിലാണവൾക്ക് താൽപ്പര്യം. ഒരു ഭർത്താവ് കഷ്ടപ്പെടാൻ ഇതിലപ്പുറം എന്തു വേണം..?
'കുറഞ്ഞതായാലും ഭർത്താവ് നൽകുന്നതു കൊണ്ട് തൃപ്തിപ്പെടാത്തവളെ - അവൾ നബിയുടെ മകളായിരുന്നാലും അല്ലാഹു ﷻ തൃപ്തിപ്പെടുകയില്ല' എന്ന് ഹദീസിൽ വന്നിട്ടുണ്ട്. സ്നേഹത്തോടെ ജീവിച്ച ഭാര്യാ ഭർത്താക്കൾ അന്ത്യനാളിൽ വിളിക്കപ്പെടുന്നതും അവരെ പ്രകാശത്താലുള്ള ഒരു പീഠത്തിൽ ഇരുത്തി ഓരോരുത്തരോടും തന്റെ ഇണയെ പുകഴ്ത്തിപ്പറയാൻ കൽപ്പിക്കപ്പെടും. അങ്ങനെ അവർ പരസ്പരം പുകഴ്ത്തപ്പെടുന്നതിന്റെ ഭാഗമായി ഭർത്താവ് പറയും: 'എനിക്ക് കഴിവില്ലാത്തത് എന്നോട് നീ നിർബന്ധിക്കുകയോ എന്നെ നീ വഞ്ചിക്കുകയോ ചെയ്തില്ല. അല്ലാഹുﷻവിന്റെ ദീനിൽ അടിയുറച്ചു നിൽക്കുവാൻ എന്നെ നീ സഹായിച്ചു. ഞാൻ തന്നതു കൊണ്ട് നീ തൃപ്തിപ്പെട്ടു അല്ലാഹു ﷻ നിനക്കു ഗുണം നൽകട്ടെ'.
ഭർത്താവിന് കഴിവില്ലാത്തത് ആവശ്യപ്പെടുകയും അവനെ വഞ്ചിക്കുകയും വഴിപ്പെടാതിരിക്കുകയും അവൻ നൽകിയതു കൊണ്ട് തൃപ്തിപ്പെടാതിരിക്കുകയും ചെയ്ത ഭാര്യയെയും അഗ്നിയാലുള്ള ഒരു സ്റ്റേജിൽ ഇരുത്തി പരസ്പരം പഴി പറയിച്ചശേഷം അവരെ നരകത്തിൽ കടത്താൻ അല്ലാഹു ﷻ ആജ്ഞപിക്കുന്നതാണ്. ഇപ്രകാരം മഹാനായ കഅ്ബുൽ അഹ്ബാർ (റ) പറഞ്ഞിരിക്കുന്നു.
ഭർത്താവിന്റെ സാമ്പത്തികസ്ഥിതിയും പ്രയാസങ്ങളും കണക്കിലെടുക്കാത്ത നീക്കുപോക്കുകൾ അവന്റെ അതൃപ്തിയും അതുവഴി അല്ലാഹുﷻവിന്റെ ഇഷ്ടക്കേടും സമ്പാദിക്കാനേ ഉപകരിക്കൂ. ഭർത്താവിന്റെ സാമ്പത്തിക നിലയ്ക്കപ്പുറമുള്ള ആവശ്യങ്ങൾ നിരത്തുക എന്നത് ഒരു പുരുഷനും സഹിക്കാനാവാത്ത കാര്യമാണ്. തന്നെ മനസ്സിലാക്കാനാവുന്നില്ല ഭാര്യയ്ക്ക് എന്ന തോന്നൽ അതുവഴി ശക്തമാവും.
മാത്രമല്ല, മറ്റുള്ളവരുമായി താരതമ്യം ചെയ്തു തന്നെ വില കുറച്ചു കാണുന്നു എന്ന ചിന്തയും അവനിലുണ്ടാവുന്നു. എങ്ങനെയായാലും ഭാര്യയോട് അങ്ങേയറ്റത്തെ അതൃപ്തിയുണ്ടാവാനേ ഇത് വഴിവെക്കൂ എന്നതിൽ സംശയമില്ല. വീട്ടുകാര്യങ്ങൾ ചെയ്യുന്നതിലെ വിമുഖതയും തഥൈവ. എടുത്താൽ പൊങ്ങാത്ത ഉപകരണങ്ങളുടെ പേരു പറഞ്ഞ്, എനിക്കിനി അവയില്ലാതെ വയ്യ എന്നൊക്കെപ്പറയുന്നത് എന്തുമാത്രം അഹങ്കാരമാണ്. അത്യാവശ്യ സൗകര്യങ്ങളൊക്കെ ഉണ്ടായിട്ടും ഇല്ലാത്തതിനെച്ചൊല്ലി പരാതിപ്പെട്ട് കഴിഞ്ഞു കൂടുക ഒരിക്കലും ഉത്തമഭാര്യയ്ക്ക് യോജിച്ചതല്ല.
വസ്ത്രങ്ങൾ അലക്കുക, പാത്രങ്ങൾ കഴുകുക, വീട് അടിച്ച് വൃത്തിയാക്കുക തുടങ്ങിയ ജോലികൾ സാധാരണയിൽ സാധാരണമായവയാണ്. ഏതൊരു സ്ത്രീയും ചെറുപ്പം മുതൽ ചെയ്തു ശീലിച്ചു വരുന്നവയാണ്. ഇവയൊക്കെ ചെയ്തു തീർക്കാൻ പെട്ടെന്നൊരു നാളിൽ അലസതയുണ്ടാവുകയും തനിക്കു ചെയ്യാൻ ബുദ്ധിമുട്ടെന്നു പറയുകയും ചെയ്യുന്നതിനെ എന്തു പേരു ചൊല്ലി വിളിക്കും..?!
ഭർതൃവീട്ടിൽ കഷ്ടപ്പെടുന്ന ഭാര്യയ്ക്ക് പ്രതിഫലത്തിന്റെ കൂമ്പാരങ്ങൾ പ്രവാചകൻ ﷺ വാഗ്ദാനം ചെയ്തിട്ടുണ്ട്. 'ഭക്ഷണം പാകം ചെയ്യാൻ അവൾ പാത്രം അടുപ്പത്തു വെച്ചാൽ ഭൂമുഖത്തുള്ളവരുടെ എണ്ണം കൊണ്ട് അവൾക്ക് പ്രതിഫലം കിട്ടും. ഉള്ളി മുറിക്കുമ്പോൾ പൊടിയുന്ന കണ്ണീർക്കണങ്ങൾ നിമിത്തം അല്ലാഹുﷻവിനെ ഭയപ്പെട്ടു കരഞ്ഞവരുടെ പ്രതിഫലം ലഭിക്കും'.
(ഹദീസ്)
പ്രവാചകപുത്രി ഫാത്വിമ (റ) ആട്ടുകല്ല് തിരിച്ച് കൈയിൽ തഴമ്പ് പൊട്ടിയിരുന്നു. തീ ഊതിക്കത്തിച്ചതിനാൽ വസ്ത്രങ്ങൾ പുക പിടിച്ചിരുന്നു. തോൽ പാത്രത്തിൽ വെള്ളം ചുമന്നതു കാരണം നെഞ്ചിൽ തഴമ്പ് വന്നിരുന്നു. ഇഹ്‌യാ ഉലൂമുദ്ദീനിൽ രേഖപ്പെടുത്തപ്പെട്ട ചരിത്രവസ്തുതയാണിതെല്ലാം.
ഇന്ത്യയിലെ മഹാനായ ഒരു ഭരണാധികാരിയായിരുന്നു സുൽത്താൻ നസ്വറുദ്ധീൻ. ആ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ചെറു സംഭവം
ഒരിക്കൽ അദ്ദേഹത്തിന്റെ പത്നി സന്നിധിയിൽ ചെന്ന് ഇങ്ങനെ ആവശ്യപ്പെട്ടു: 'നാഥാ, എന്റെ കൈവിരലുകൾ നോക്കൂ അങ്ങേയ്ക്കുള്ള പത്തിരി ചുടുമ്പോൾ പൊള്ളിയതാണീ കൈകൾ വേലക്കാരികളില്ലാതെ കഴിച്ചു കൂട്ടുവാൻ ഇനി എനിക്ക് സാധിക്കുമെന്നു തോന്നുന്നില്ല'.
നസ്വറുദ്ധീൻ കണ്ണീരൊലിപ്പിച്ച് തന്റെ ഇണയോട് പറഞ്ഞതിങ്ങനെ: 'പ്രിയതമേ, കാലമിങ്ങനെ കഴിഞ്ഞു പോവുകയാണ്. അൽപ്പകാലം കൂടി ഈ കഷ്ടപ്പാടുകൾ ക്ഷമിക്കൂ.. അവസാനകാലത്ത് അല്ലാഹു ﷻ നിനക്ക് പ്രതിഫലം തരും. ബൈത്തുൽ മാലിൽ നിന്ന് പണമെടുത്ത് ഒരു വേലക്കാരിയെ വെച്ചു തരാൻ എനിക്ക് നിർവാഹമില്ല. ഞാൻ അതിന്റെ സൂക്ഷിപ്പുകാരൻ മാത്രമാണ്'.

Comments