മരിച്ചുപോകുമ്പോൾ എന്താണ് നമ്മൾ ബാക്കി വെച്ചത്

 മരിച്ചുപോകുമ്പോൾ എന്താണ് നമ്മൾ ബാക്കി വെച്ചത്




സെക്സ്‌ വീഡിയോകൾക്ക്‌ അടിമയായ ഒരു ചെറുപ്പക്കാരനെക്കുറിച്ച് പറയാം. രാപ്പകൽ ഭേദമന്യേ അവൻ ഇന്റർനെറ്റിൽ ലൈംഗികതയുടെ വീഡിയോകളിൽ ലയിച്ചു ജീവിച്ചു. അത്തരം വെബ്‌സൈറ്റുകളിൽ ദിനേന വരുന്ന വീഡിയോകൾ തനിക്ക്‌ അപ്പപ്പോൾ ഈ-മെയിലിൽ ലഭിക്കാൻ അവൻ കാശ്‌ കൊടുത്ത്‌ സബ്‌സ്ക്രൈബ്‌ (വരിചേരൽ) ചെയ്തു.


സുഹൃത്തുക്കളുമായി ഈ വിഷയം പങ്കുവെച്ചപ്പോൾ അവർ "നിനക്ക്‌ വരുന്ന മെയിലുകൾ ഞങ്ങൾക്കും ഫോർവാർഡ്‌ ചെയ്യുക, എങ്കിൽ എല്ലാവരും കാശ്‌ കൊടുക്കേണ്ടതില്ലല്ലോ" എന്നാവശ്യപ്പെട്ടു. ഒട്ടനവധി E-Mail വരാൻ തുടങ്ങിയപ്പോൾ ഓരോന്നായി എല്ലാവർക്കും അയക്കുന്നത്‌ ബുദ്ധിമുട്ടായതിനാൽ അവൻ പോൺസൈറ്റിൽ നിന്ന് വരുന്ന മെയിലുകൾ ഓട്ടോ ഫോർവാർഡ്‌ സെറ്റ്‌ ചെയ്തു.


ചില മാസങ്ങൾക്കു ശേഷം ഒരുനാൾ ഈ ചെറുപ്പക്കാരൻ അപകടത്തിൽ പെട്ട്‌ മരണപ്പെട്ടു, അവന്റെ കൂട്ടുകാർ വല്ലാതെ വേദനിച്ചു. ഓരോ ആഴ്ച്ചയിലും മുടങ്ങാതെ അവന്റെ മെയിലിൽ നിന്നും അവർക്ക്‌ പോൺ വീഡിയോസ്‌ ലഭിക്കുന്നത്‌ തുടർന്നു, പക്ഷേ അവൻ മണ്ണിലേക്ക്‌ ചേർന്നിരുന്നു. തങ്ങൾ എന്താണു ചെയ്യുന്നത്‌ എന്നും തങ്ങളും മരിക്കുമല്ലോ എന്നും ബോധം വന്ന സുഹൃത്തുക്കൾ തൗബ ചെയ്ത്‌ മടങ്ങി.


അവൻ മരിച്ചിട്ടും സുഹൃത്തുക്കൾക്കായി ബാക്കി വെച്ചത്‌ എന്താണ്‌ എന്നോർത്തു നോക്കൂ! എത്രയോ മണിക്കൂറുകൾ ദിനേന സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നവരാണു നമ്മൾ. എന്തൊക്കെയാണു നമ്മുടെ ഫെയ്സ്‌ ബുക്ക്‌, വാട്സപ്പ്‌ വഴിയൊക്കെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും നാം എത്തിച്ചു കൊടുക്കുന്നത്‌ എന്നാലോചിക്കാറുണ്ടോ? ഈ ജീവിതം എന്നെന്നും നിലനിൽക്കില്ല. നമ്മൾ മണ്ണിലേക്ക്‌ ചേർന്നാലും നമ്മൾ ഷെയർ ചെയ്ത്‌ തുടങ്ങിയത്‌ ലോകമെങ്ങും വീണ്ടും വീണ്ടും ഷെയർ ചെയ്യപ്പെടുന്നുണ്ടാകും.


സ്വകാര്യത്തിൽ പല തെറ്റുകളും ചെയ്യുന്നവരാണ്‌ നമ്മളിൽ പലരും, ആ തെറ്റുകൾ പക്ഷേ നമ്മളും റബ്ബും തമ്മിലുള്ള ഇടപാടാണ്‌, അവനോട്‌ മാപ്പ്‌ ചോദിച്ചാൽ അവൻ പൊറുത്തു തന്നേക്കും. പക്ഷേ വേറൊരാൾ ചെയ്യുന്ന തെറ്റുകളുടെ കൂടി പങ്ക്‌ നമ്മൾ വഹിക്കേണ്ടി വരുന്ന അവസ്ഥ എത്ര മോശമാണ്‌. നാം ഷെയർ ചെയ്തു കൊടുക്കുന്നത്‌ വല്ലതും ഹറാമായതെങ്കിൽ അതവർ കാണുന്നതിന്റെ ഒരു പങ്ക്‌ നമുക്കും വന്നു ചേരുമല്ലോ! 


ഉമർ ഇബ്നു അബ്ദിൽ അസീസ്‌(റ) വിനോട്‌ "ജനങ്ങളിൽ ഏറ്റവും വലിയ വിഡ്ഢി ആരാണ്‌?" എന്ന് ചോദിക്കപ്പെട്ടു. "ദുനിയാവിനു വേണ്ടി ആഖിറത്തിനെ വിൽക്കുന്നവൻ (നഷ്ടപ്പെടുത്തുന്നവൻ)" എന്നായിരുന്നു മറുപടി. "അത്തരം വിഡ്ഢികളിലെ ഏറ്റവും വലിയ വിഡ്ഢി ആരാണ്‌?" എന്ന് വീണ്ടും ചോദിക്കപ്പെട്ടു. "മറ്റുള്ളവന്റെ ദുനിയാവിനു വേണ്ടി സ്വന്തം ആഖിറത്തെ വിൽക്കുന്നവൻ" എന്നദ്ദേഹം മറുപടി പറഞ്ഞുവത്രെ! മറ്റുള്ളവരെ സുഖിപ്പിക്കാൻ, രസിപ്പിക്കാൻ, സന്തോഷിപ്പിക്കാൻ ഹറാമുകൾ പോലും ശ്രദ്ധിക്കാതെ ഷെയർ ചെയ്തു വിടുന്നവർ തന്നെയല്ലേ മറ്റുള്ളവന്റെ ദുനിയാവിനു പകരം സ്വന്തം ആഖിറം വിൽക്കുന്നവർ?!


നന്മകൾ മാത്രം ഷെയർ ചെയ്യുന്നവർ എത്ര ഭാഗ്യവാന്മാരാണ്‌, അത്തരം നന്മകൾ മറ്റുള്ളവർക്ക്‌ പ്രവർത്തിക്കാൻ പ്രേരകമായാൽ അതിന്റെ കൂടെ ഒരു നന്മ നമുക്ക്‌ ചേരുമല്ലോ. സോഷ്യൽ മീഡിയ നമ്മുടെ നരകത്തിലേക്കുള്ള പാലമാകാതെ നോക്കണം. ആളുകൾ പരിഹസിച്ചേക്കാം, എങ്കിലും അവരെ രസിപ്പിക്കലല്ല, അല്ലാഹുവിന്റെ പ്രീതിയാണ്‌ തന്റെ ലക്ഷ്യം എന്നെപ്പോഴും ഓർമ്മയിലുണ്ടാകണം.


തിരുനബി(സ്വ) ബാക്കിയാക്കി പോയത്‌ വിശുദ്ധ ഖുർആനും തിരുസുന്നത്തുമാണ്‌, സകല നന്മകളുടെയും താക്കോൽ. അവിടുന്നിങ്ങോട്ട്‌ എത്രയെത്ര മഹാന്മാർ എന്തെല്ലാം അമലുകൾ, വിജ്ഞാനങ്ങൾ ബാക്കിയാക്കി!. നമ്മുടെ പൂർവ്വികർ ബാക്കിയാക്കിയത്‌ നമുക്ക്‌ ചുറ്റും തലയുയർത്തി നിൽക്കുന്ന പള്ളികളും മദ്രസകളും മറ്റുമൊക്കെയാണ്‌. നന്മയിലായി ജീവിക്കുന്ന മക്കൾ പോലും ഒരാൾ ബാക്കിയാക്കുന്ന നന്മകൾ തന്നെ. 


നമ്മളും മരിക്കുമല്ലോ, എന്താണ്‌ നമ്മൾ ബാക്കി വെക്കാൻ പോകുന്നത്‌?

Comments