ആരെയും നിസാരപ്പെടുത്തരുത്
ആരെയും നിസാരപ്പെടുത്തരുത്
തെമ്മാടിത്തരം കൊണ്ട് കുപ്രസിദ്ധനായ അയാൾ ബസറയുടെ പ്രാന്തപ്രദേശത്ത് വെച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ ജനാസ സംസ്കരണ പ്രക്രിയയിൽ പങ്കെടുക്കാൻ വീട്ടുകാരോ നാട്ടുകാരോ ആരും തയ്യാറായില്ല. ഭാര്യ ഒറ്റക്ക് നിന്ന് വേണ്ടതൊക്കെ ചെയ്തു...
അവസാനം രണ്ടു പേരെ കൂലിക്ക് വിളിച്ച് ജനാസയെയും ചുമന്നു മരുഭൂമിയിലേക്ക് നടന്നു. അവിടെയും ഒരാളും വന്നില്ല. നിറ കണ്ണുകളോടെ അവൾ ചുറ്റും നോക്കി.
അപ്പോഴാണ് ജനാസയെയും പ്രതീക്ഷിച്ച് ഔലിയാക്കളിൽ പ്രധാനിയായ ഒരു മഹാൻ മരുഭൂമിയിലുള്ള മല മുകളിൽ നിൽക്കുന്നത് അവരുടെ ശ്രദ്ധയിൽപെട്ടത്.
കുറച്ചു കഴിഞ്ഞപ്പോൾ മഹാൻ മയ്യിത്തിന് സമീപം ഇറങ്ങി വന്നു. നിസ്കരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. സന്തോഷത്താൽ അവർ കണ്ണ് തുടച്ചു. ഈ സംഭവം അറിഞ്ഞ ജനങ്ങൾ അതിശയത്തോടെ തടിച്ചുകൂടി. അങ്ങനെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മയ്യിത്ത് നിസ്കാരവും ഖബറടക്കവും നടന്നു.
നിങ്ങളെപ്പോലൊരു മഹാൻ ഇത്ര വലിയൊരു അധാർമിക്കു മയ്യത്ത് നിസ്കരിക്കുകയോ..?
ജനങ്ങൾ കാര്യം തിരക്കി.
ബഹുമാനപ്പെട്ടവർ പറഞ്ഞു: എനിക്ക് ഉറക്കിൽ ഒരു നിർദേശം ലഭിച്ചു: "ഭാര്യയല്ലാതെ മറ്റാരും കൂട്ടിനില്ലാത്ത ഒരു ജനാസ ഇവിടെയുണ്ട്. നിങ്ങൾ അവിടെ ചെന്ന് മയ്യിത്ത് നിസ്കരിക്കുക.
ആ മയ്യിത്തിന്റെ പാപങ്ങൾ പൊറുക്കപ്പെട്ടിരിക്കുന്നു..." ഇതും കൂടി കേട്ടപ്പോൾ ജനങ്ങൾക്ക് അതിശയം വർദ്ധിച്ചു.
മടങ്ങിപോകാൻ നേരം ഭാര്യയെ വിളിച്ചിട്ട് മഹാൻ ചോദിച്ചു. എങ്ങനെയായിരുന്നു നിങ്ങളുടെ ഭർത്താവിന്റെ ജീവിതം..?
യുവതി പറഞ്ഞു: എന്ത് പറയാൻ..! എല്ലാ സമയത്തും അദ്ദേഹം കള്ളുഷാപ്പിൽ ആയിരുന്നു.
എന്തെങ്കിലും നന്മ ഉണ്ടായിരുന്നോ..?
അദ്ദേഹം വീണ്ടും തിരക്കി.
യുവതി പറഞ്ഞു: മൂന്നു നന്മകൾ ഞാൻ ഭർത്താവിൽ കണ്ടിരുന്നു.
ഒന്ന്: മദ്യ ലഹരി വിട്ടാൽ ഉടൻ വസ്ത്രം മാറി സുബഹി ജമാഅത്തായി നിസ്കരിക്കും. എന്നിട്ട് പതിവ് പോലെ കള്ള് കുടിയും കച്ചറയുമായി നടക്കും.
രണ്ട്: ദിവസവും ഒന്നോ രണ്ടോ അനാഥകൾക്ക് ഭക്ഷണം നൽകിയിരുന്നു. സ്വന്തം മക്കളെക്കാൾ അവരോട് താല്പര്യം കാണിച്ചു.
മൂന്ന്: പാതിരാത്രി എപ്പോഴെങ്കിലും മദ്യ ലഹരി വിട്ടു മാറിയാൽ കൂരിരുട്ടിൽ ഇരുന്ന് തേങ്ങിക്കരഞ്ഞു കൊണ്ട് അദ്ദേഹം പറയും: നരകത്തിന്റെ ഏത് മൂലയിലാകും ഈ പാപിയെ എടുത്തെറിയുക.
ഭാര്യയുടെ വിശദീകരണം അവരുടെയെല്ലാം സംശയം തീർത്തു...
(ഇഹിയ ഉലൂമുദ്ധീൻ 4 /572)
തെറ്റുകാരെ നല്ല നിലക്ക് ഉപദേശിക്കുകയും വേണ്ടി വന്നാൽ നല്ല ഉദ്ദേശത്തോടെ വിമർശിക്കുകയും ചെയ്യാം. അപ്പോഴെല്ലാം തന്നേക്കാൾ അവൻ മോശമാണെന്നും ഞാനാണ് യോഗ്യനെന്നും കരുതിപ്പൊകരുത്.
എത്ര മോശപ്പെട്ട വ്യക്തിയാണെങ്കിലും ഒരാളെയും നാം നിസാരപ്പെടുത്തരുത്. ഏത് നന്മയാണ് അയാളെ രക്ഷപ്പെടുത്തുകയെന്ന് അറിയില്ലല്ലോ...
ഇമാം തിർമുദി (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ വളരെ ഗൗരവപൂർവ്വം ശ്രദ്ധിക്കേണ്ട ഒരു കാര്യം മുത്ത് നബി ﷺ പറയുന്നു: ഒരാൾ മറ്റൊരാളുടെ തെറ്റ് പ്രചരിപ്പിച്ചു നടന്നാൽ ആ തെറ്റ് ചെയ്യിപ്പിക്കാതെ അല്ലാഹു ﷻ ഇവനെ മരിപ്പിക്കുകയില്ല. അല്ലാഹു ﷻ നമ്മെ കാക്കട്ടെ... (ആമീൻ)
മേൽ സംഭവത്തിൽ നിന്ന് കള്ളുകുടിച്ചാലും രക്ഷപ്പെടുമെന്ന് ധരിക്കരുത്. തെറ്റ് സംഭവിച്ചെങ്കിലും അതിലുള്ള അങ്ങേയറ്റത്തെ ഖേദവും നന്മയുമാണ് അയാൾക്ക് തുണയായത്.
ഇനി അദ്ദേഹം പതിവാക്കിയ നന്മകളുടെ ശ്രേഷ്ഠത നോക്കാം...
നബി ﷺ പറഞ്ഞു: ആരെങ്കിലും സുബഹി ജമാഅത്തായി നിസ്കരിച്ചാൽ അവൻ രാത്രി മുഴുവൻ നിസ്കരിച്ചവനെ പോലെയാണ്.
(മുസ്‌ലിം)
തിരുനബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമർ ഭക്ഷണം നൽകുന്നവരാണ്.
(അഹ്‌മദ്)
യത്തീമിന്റെ തലയിൽ തടകുന്നത് വരെ പരലോകത്ത് പ്രകാശമായി വരുമെന്ന് ഹദീസിലുണ്ട്.
ഒരിക്കൽ ആഇശ (റ) ചോദിച്ചു നബിയെ (ﷺ), വിചാരണ കൂടാതെ ആരെങ്കിലും സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ..?
മുത്ത് നബി ﷺ മൊഴിഞ്ഞു: അതെ തന്റെ തെറ്റുകളെ ഓർത്തു കരയുന്നവർ.
(ഇഹിയ)

Comments