രണ്ട് കൂട്ടുകാരികൾ, ഒരേ ചിന്ത

 രണ്ട് കൂട്ടുകാരികൾ, ഒരേ ചിന്ത




എല്ലാ കാര്യങ്ങളും പങ്ക് വെച്ചിരുന്ന രണ്ട് കൂട്ടുകാരികൾ ഉണ്ടായിരുന്നു.

ഒരാൾ അല്ലാഹുﷻവിന്റെ പരീക്ഷണം കൊണ്ട് കുറച്ചു ബുദ്ധിമുട്ടിലും, മറ്റെയാൾ അല്ലാഹുﷻവിന്റെ അനുഗ്രഹം കൊണ്ട് കുറച്ചു ഖൈറിലുമാണ്...


 പ്രയാസമനുഭവിക്കുന്ന കൂട്ടുകാരിക്ക് അവളുടെ കുടുംബക്കാരെക്കാളും ബന്ധുക്കാരേക്കാളും കൂടുതൽ സഹായം നൽകുകയും, നൽകി കൊണ്ടിരിക്കുകയും ചെയ്യുന്നവളാണ് മറ്റേ കൂട്ടുകാരി.


 ഈ കൂട്ടുകാരിയുടെ 

വീടിന്റെ മുകൾ ഭാഗം പണിയുന്നത് മറ്റേ കൂട്ടുകാരിയോട് പറഞ്ഞില്ല. എന്നാലോ വേറൊരു കൂട്ടുകാരിയുടെ സംസാരത്തിൽ നിന്ന് അവൾ അറിയുകയും ചെയ്തു.  


 ആദ്യം ചെറിയ വിഷമം ഉണ്ടായെങ്കിലും എന്താണ് എന്നോട് അവൾ പറയാത്തത് എന്നുള്ള കാരണം വേറൊരാളിൽ നിന്നും അറിഞ്ഞപ്പോഴാണ് അവൾക്ക് സന്തോഷവും കൂട്ടുകാരിയോട് ഇഷ്ടവും കൂടിയത്...


 ഭക്ഷണത്തിന് പോലും വിഷമം അനുഭവിക്കുന്ന അവളോട് എങ്ങിനെയാ എന്റെ വീടിന്റെ സൗകര്യം കൂട്ടുന്നത് ഞാൻ പറയുക, അവൾക്കെന്തെങ്കിലും തോന്നിയാലോ എന്ന് ഉദ്ദേശിച്ച് ആണത്രേ അവൾ പറയാതിരുന്നത്...


               *•✪•─────────•✪•*


       പരീക്ഷയിൽ പാസായപ്പോൾ മകളോട് ഉപ്പ ചോദിച്ചു,


 എന്താ മോളെ സ്റ്റാറ്റസ് ഒന്നും വെക്കാത്തത്..? ഒരു അൽഹംദുലില്ലാഹ് എങ്കിലും വെച്ചൂടെ എന്ന്...

 

 മകൾ പറഞ്ഞു, ജയിച്ചതിന് ഞാൻ ഒരുപാട് റബ്ബിനോട് നന്ദി പറഞ്ഞിട്ടുണ്ട് ഉപ്പാ... ഇപ്പോഴും ഞാൻ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്...

 എന്റെ ക്ലാസ്സിൽ കുറെ കുട്ടികൾ

പരാജയപ്പെട്ടിട്ടുണ്ട്. അവരൊക്കെ എന്റെ കോൺടാക്ട് ലിസ്റ്റിലും ഉണ്ട്. ഞാൻ സ്റ്റാറ്റസ് വെക്കുമ്പോൾ അവർ കാണും.

അവർക്ക് അതൊരു വിഷമം ആയാലോ..? എന്ന് ഉദ്ദേശിച്ചാണ്

സ്റ്റാറ്റസ് വെക്കാത്തത്...


               *•✪•─────────•✪•*


 ഇങ്ങിനെ നല്ല മനസ്സ് ഉള്ളവരും ഉണ്ട് നമ്മുടെ ഇടയിൽ... 


 സ്വന്തം കുടുംബത്തിലോ, ബന്ധുക്കളിലോ, അയൽവാസികളിലോ ആരെങ്കിലും ഒരു നന്മ ഉപദേശിച്ചാൽ അതിനെതിർ പ്രവർത്തിക്കുന്നവരും,

ഭക്ഷണം ഉണ്ടാക്കി അതെല്ലാം സ്റ്റാറ്റസ് വെച്ച്, തിന്നാൻ പോലും ഭാഗ്യം ഇല്ലാത്തവരെ കാണിച്ചു സായൂജ്യമണിയുന്നവരും, ആരെങ്കിലും കഷ്ടപ്പെടുന്നുണ്ടെങ്കിൽ അവൻ അനുഭവിക്കട്ടെ എന്ന് ചിന്തിക്കുന്നവരും,

സ്വന്തം വീടിന്റെ പോരിശ മറ്റുള്ളവരെ അറിയിക്കുന്നവരും ഒക്കെ ഉള്ള കാലത്താണ് ഇതൊക്കെ നടക്കുന്നത് എന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നു...


 മറ്റുള്ളവരോട് കരുണ ചെയ്യാനും, കരുണ കാണിക്കാനും, നന്മ ചെയ്യാനും, തിന്മ ഒഴിവാക്കാനുമെല്ലാം അല്ലാഹുﷻവിനെ ഇഷ്ടപ്പെട്ടവർക്കും അല്ലാഹു ﷻ ഇഷ്ടപ്പെട്ടവർക്കും മാത്രമേ സാധിക്കൂ...


 മരിച്ചു പോയവർ തിരിച്ചു വരാത്ത കാലത്തോളം അഹങ്കാരിയുടെ അഹങ്കാരവും ദുഷ്ടന്റെ ദുഷ്ടതയും, തിന്മ ചെയ്ത് കൊണ്ടിരിക്കുന്നവന്റെ തിന്മയും പിശുക്കന്റെ പിശുക്കും

പരദൂഷണം പറയുന്നവന്റെ പരദൂഷണവും അവസാനിക്കും എന്ന് തോന്നുന്നില്ല...

അല്ലാഹു ﷻ എല്ലാവർക്കും

നല്ല മനസ്സ് നൽകട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ...

Comments