ജുമുഅഃ നിസ്ക്കാരം
🌟🌟🌟 ജുമുഅഃ 🌟🌟🌟
ഓരോ പ്രദേശത്തെയും മുസ്ലിംകള് ആഴ്ചയില് ഒരു ദിവസം – വെള്ളിയാഴ്ച – പള്ളിയില് ഒരുമിച്ചു കൂടി ളുഹ്‌റ് നിസ്ക്കാരത്തിനു പകരം ജുമുഅഃ നിസ്ക്കാരം നിര്വ്വഹിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. മുസ്ലിംകളെല്ലാവരും ആഴ്ചയില് ഒരിക്കലെങ്കിലും ഒരിടത്ത് ഒത്തുകൂടണമെന്ന ഉദ്ദ്യേശ്യമാണ് ജുമുഅഃ നിര്ബന്ധമാക്കിയതിന്റെ പിന്നിലുള്ളത്.
നിബന്ധനകളൊത്താല് ജുമുഅഃ ഫര്ള് ഐന്(വ്യക്തികത ബാധ്യത) ആണ്. ജുമുഅഃ നിര്ബന്ധമായത് മക്കയില്വെച്ചാണെങ്കിലും ആളുകള് എണ്ണം തികയാത്തതിനാല്അവിടെ വെച്ച് നിര്വ്വഹിച്ചിരുന്നില്ല. പൊതുരംഗത്ത് അനാവരണം ചെയ്യപ്പെടേണ്ട ജുമുഅഃ, മക്കയില്ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തില് നബി(സ)ക്ക് പ്രകടമാക്കാന് പറ്റിയിരുന്നില്ല. ഹിജ്‌റക്കു മുമ്പെ മദീനയില്ആദ്യമായി ജുമുഅഃക്ക് നേതൃത്വം നല്കിയത് അസ്‌അദുബ്‌നു സുറാറ(റ)യായിരുന്നു. മദീനയില് നിന്നും ഒരു മൈല്അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു ഈ ജുമുഅഃ നിര്വ്വഹിച്ചിരുന്നത്.
ജനങ്ങള് അതിന്നായി സംഗമിക്കുന്നതു കൊണ്ടാണ് ജുമുഅഃ(സംഗമം) എന്ന് ഇതിനു പേര് നല്കിയത്. ഏറ്റവും ശ്രേഷ്ഠമായ നിസ്ക്കാരം ജുമുഅഃയാണ്. വിശുദ്ധ ഖുര്‌ആനും നബി(സ)യുടെ ഹദീസുകളും അത് വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ ഖുര്‌ആന് പറയുന്നു : “സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല് അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള് വേഗത്തില് വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്ക്ക് ഉത്തമം; നിങ്ങള് കാര്യം മനസ്സിലാക്കുന്നുവെങ്കില്.” (വി:ഖു: 62:9).
പ്രായപൂര്ത്തിയും ബുദ്ധിയുമുള്ള, പ്രതിബന്ധങ്ങളില്ലാത്ത, സ്വദേശികളായ സ്വതന്ത്രരായ പുരുഷന്മാര്ക്ക് ജുമുഅഃ നിര്ബന്ധമാണ്. സ്ത്രീ, നപുംസകം, അടിമ – മോചനക്കരാറിലേര്പ്പെട്ടവനെങ്കിലും – തുടങ്ങിയവര്ക്കൊന്നും ജുമുഅഃ നിര്ബന്ധമില്ല. ഇവര്ക്കു ചില ന്യൂനതകളുള്ളതാണ് കാരണം. അശ്രദ്ധ നിമിത്തം തുടര്ച്ചയായി മൂന്ന് ജുമുഅഃ ഒരാള്ഉപേക്ഷിച്ചാല് അവന്റെ ഹൃദയത്തില് അല്ലാഹു ദുഷ്ടന് എന്ന് മുദ്രയടിക്കും എന്ന് നബി(സ) പ്രസ്താവിച്ചിരിക്കുന്നു.
ജുമുഅഃ നിസ്ക്കാരം മടങ്ങുന്ന തരത്തില് വെള്ളിയാഴ്ച ദിവസം യാത്ര ചെയ്യാന് പോലും പാടില്ലെന്നാണ് ഇസ്ലാമിന്റെ വിധി. നാല് റക്‌അത്തുകളുള്ള ളുഹ്‌റ് നിസ്ക്കാരമാണ് വെള്ളിയാഴ്ച രണ്ട് റക്‌അത്തുകളുള്ള ജുമുഅഃ നിസ്ക്കാരമായി നാം നിര്വ്വഹിക്കുന്നത്. എന്നാല് ജുമുഅഃക്ക് മുമ്പ് രണ്ട് ‘ഖുഥുബ’ നിര്വ്വഹിക്കണം. രണ്ട് റക്‌അത്തുകളുടെ സ്ഥാനത്താണ് രണ്ട് ‘ഖുഥുബ’ നിശ്ചയിച്ചിട്ടുള്ളത് എന്ന് ഇതില് നിന്നു മനസ്സിലാക്കാം. എന്തെങ്കിലും കാരണത്താല് ഒരാള്ക്ക് ജുമുഅഃയില് പങ്കെടുക്കാന് കഴിഞ്ഞില്ലെങ്കില് അവന് നാല് റക്‌അത്തുകളുള്ള ളുഹ്‌റ് തന്നെ നിസ്ക്കരിക്കണം. രണ്ട് റക്‌അത്ത് ഖളാഅ് വീട്ടിയാല് പോരാ.
ജുമുഅഃയുടെ ശര്ഥുകള്
നിക്കാരത്തിന്റെ എല്ലാ ശര്ഥുകളും ജുമുഅഃ നിസ്ക്കാരത്തിനും ബാധകമാണ്. അവ കൂടാതെ ചില പ്രത്യേക ശര്ഥുകളുമുണ്ട്. അവ താഴെ കൊടുക്കുന്നു.
1. ഓരോ മഹല്ലത്തിലും മുസ്ലിംകള്ക്ക് ഒരുമിച്ചു കൂടാന് പറ്റിയ സ്ഥലത്തു വെച്ച് ജുമുഅഃ നിര്വ്വഹിക്കുക.
2. തൃപ്തികരമായ കാരണങ്ങളില്ലാതെ ഒരു മഹല്ലത്തില് മറ്റൊരു ജുമുഅഃ നടക്കാതിരിക്കുക.
3. ജുമുഅഃ നിര്വ്വഹിക്കുന്നത് ളുഹ്‌റിന്റെ സമയത്തായിരിക്കുക.
4. ജുമുഅഃ നിര്വ്വഹിക്കുന്ന മഹല്ലത്തിന്റെ പരിധിയില്പെട്ട ജുമുഅഃ നിര്ബന്ധമായ നാല്പത് പേരെങ്കിലും ജുമുഅഃയില്പങ്കെടുക്കുക. എന്നാല് ചില പണ്ഡിതന്മാര് നാല്പത് പേരില്കുറവാണെങ്കിലും ജുമുഅഃ നിര്വ്വഹിക്കാം എന്നഭിപ്രായപ്പെട്ടിട്ടുണ്ട്.
5. ജുമുഅഃ നിസ്ക്കരിക്കുന്നതിനു മുമ്പ് രണ്ട് ഖുഥുബ നിര്‍വ്വഹിക്കുക.
നിസ്ക്കാരത്തിന്റെ മറ്റു ശര്ഥുകക്കൊപ്പം ഈ ശര്ഥുകള് കൂടി കണിശമായി പാലിക്കേണ്ടിയിരിക്കുന്നു. എങ്കില് മാത്രമേ ജുമുഅഃ നിസ്ക്കാരം സാധുവായിത്തീരുകയുള്ളൂ.
ജുമുഅഃയുടെ സുന്നത്തുകള്
നിസ്ക്കാരത്തിന്റെ സുന്നത്തുകള് എല്ലാം ജുമുഅഃ നിസ്ക്കാരത്തിനും ബാധകമാണ്. അവയ്ക്ക് പുറമെ ജുമുഅഃക്ക് സ്വന്തമായി ചില സുന്നത്തുകള് കൂടിയുണ്ട്. എല്ലാ സുന്നത്തുകളും പ്രാവര്ത്തികമാക്കാന് നാം ശ്രമിക്കണം. നമ്മുടെ കര്മ്മങ്ങള് പൂര്ണ്ണമാകാനും, നിര്ബന്ധകര്മ്മങ്ങള്അനുഷ്ഠിക്കുന്നതിലെ പോരായ്മകള് പരിഹരിക്കപ്പെടാനും അതു സഹായിക്കും. ജുമുഅഃയുടെ സുന്നത്തുകള് താഴെ കൊടുക്കുന്നു:
1. ജുമുഅഃക്കു വേണ്ടി കുളിക്കുക.
2. നഖം മുറിക്കുക, ക്ഷൗരം ചെയ്യുക.
3. ജുമുഅഃക്ക് പോകുമ്പോള് വെള്ള വസ്ത്രം ധരിക്കുക.
4. സുഗന്ധ ദ്രവ്യങ്ങള് ഉപയോഗിക്കുക.
5. കഴിവതും നേരത്തെ പള്ളിയിലെത്തുക.
6. ഖുര്‌ആനിലെ ‘അല് കഹ്‌ഫ്’ സൂറത്ത് ഓതുക.
7. സ്വലാത്ത്, ദിക്‌റുകള്, ദുആകള് – ഇവ വര്ദ്ധിപ്പിക്കുക.
8. ജുമുഅഃക്ക് മുമ്പുള്ള ഖുഥുബകള് ശ്രദ്ധിച്ചു കേള്ക്കുക.
ഖുഥുബയുടെ ശര്ഥുകള്
ഖുഥുബക്ക് ചില ശര്ഥുകളുണ്ട്. അവ കണിശമായി പാലിച്ചെങ്കില് മാത്രമേ ഖുഥുബയും തുടര്ന്ന് ജുമുഅഃയും സാധുവായിത്തീരുകയുള്ളൂ. ഖുഥുബയുടെ ശര്ഥുകള് താഴെ പറയുന്നവയാണ്.
1. ഖുഥുബ നടത്തുന്നത് ളുഹ്‌റ് നിസ്ക്കാരത്തിന്റെ സമയത്താവുക.
2. ഖുഥുബ നടത്തുമ്പോള് ഔറത്ത് മറക്കുക
3. ഖുഥുബ നടത്തുന്നത് ശുദ്ധിയോടെയാവുക.
4. നിന്നു കൊണ്ട് ഖുഥുബ നിര്വ്വഹിക്കുക.
5. ഖുഥുബ നടത്തുന്നത് അറബി ഭാഷയിലായിരിക്കുക.(മറ്റൊരു അഭിപ്രായത്തില് ഖുഥുബയുടെ ഫര്ളുകള് (അര്ക്കാനുകള്) മാത്രം അറബി ഭാഷയില് ചൊല്ലിയാല് മതിയാകും എന്ന്)
6. ജുമുഅഃ നിര്ബന്ധമുള്ള നാല്പത് പേരെങ്കിലും ഖുഥുബ കേള്ക്കുക.
7. ഖുഥുബയുടെ വാചകങ്ങള് തുടര്ച്ചയായി ഉച്ചരിക്കുക.
8. രണ്ട് ഖുഥുബകള്ക്കിടയില് ഇരിക്കുക
ഖുഥുബയുടെ ഫര്ളുകള്
ഖുഥുബക്ക് അഞ്ച് ഫര്ളുകളുണ്ട്. അവ താഴെ പറയുന്നവയാണ്.
1. ഖുഥുബ നിര്വ്വഹിക്കുമ്പോള് അല്ലാഹുവിനെ സ്തുതിക്കുക.
2. നബി(സ)യുടെ പേരില് സ്വലാത്ത് ചൊല്ലുക.
3. തഖ്‌വാ കൊണ്ട് വസ്വിയ്യത്ത് ചെയ്യുക.
4. രണ്ട് ഖുഥുബകളില് ഏതെങ്കിലും ഒന്നില് വിശുദ്ധ ഖുര്‌ആനില് നിന്നുള്ള ഒരു ആയത്ത് ഓതുക.
5. രണ്ടാം ഖുഥുബയില് സത്യവിശ്വാസികളുടെ പാപമോചനത്തിനു വേണ്ടി പ്രാര്ത്ഥിക്കുക.
ഖുഥുബയുടെ സുന്നത്തുകള്
ഖുഥുബയുടെ സുന്നത്തുകള് ഖുഥുബയെ പൂര്ണ്ണമാക്കുന്നു. ഖുഥുബയുടെ നിര്വ്വഹണത്തില് സംഭവിക്കാവുന്ന പാകപ്പിഴവുകളെ പരിഹരിക്കുകയും ചെയ്യുന്നു. ഖുഥുബയുടെ സുന്നത്തുകള് താഴെ പറയുന്നു.
1. ഖുഥുബ നിര്വ്വഹിക്കുന്നത് മിമ്പറിലോ അതുപോലെ ഉയരമുള്ള ഏതെങ്കിലും സ്ഥലത്തോ വെച്ചാവുക.
2. ഖുഥുബ നിര്വ്വഹിക്കാന് വരുമ്പോഴും മിമ്പറില്കയറിയതിനു ശേഷവും സലാം പറയുക.
3. ബാങ്ക് വിളിച്ചു തീരുന്നതുവരെ ഖഥീബ് മിമ്പറില് ഇരിക്കുക.
4. ഖുഥുബ നടത്തുന്നത് ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടാവുക.
5. ഖുഥുബ നടത്തുമ്പോള് വാള്, വടി തുടങ്ങിയ ഏതെങ്കിലും ഒന്നിന്മേള് ചാരി നില്ക്കുക.
tag=Arivinnilave live,arivinnilave,islamic news,niskaram,arivinnilave in islam,family in islam,arivinnilave.com,arivinnilave family,arivinnilave song,
Comments