ഭാര്യ ഭർത്ത് ബന്ധം സംശയങ്ങൾ




❓ ഭാര്യക്കു നൽകുന്ന വീടോ?

🅰️: വീട് അവൾക്ക് താമസിച്ച് പ്രയോജനപ്പെടുത്താനുള്ളതാണ്. അതവൾക്ക് ഉടമപ്പെടുകയില്ല. സാധാരണ സ്ഥിതിയിൽ ഭാര്യയോടു അനുയോജ്യമായതും ഭർത്താവ് സ്ഥലത്തില്ലാത്തപ്പോൾ അവളുടെ ദേഹത്തിനും ധനത്തിനും രക്ഷ നൽകുന്ന തരത്തിലുള്ളതുമായ ഭവനം ഭാര്യക്കു നൽകൽ നിർബന്ധമാണ് (ഇആനത്ത്: 4/73).


❓ അവളുടെ ഇഷ്ടപ്രകാരം അവൾ ഉപ്പയുടെ വീട്ടിൽ താമസിക്കുകയാണെങ്കിൽ ഭർത്താവ് കൂലി കൊടുക്കേണ്ടതുണ്ടോ?

🅰️: കൂലി നൽകേണ്ടതില്ല (ഇആനത്ത്: 4/74).


❓ഭാര്യക്കു പരിചാരികയെ നൽകണോ?

🅰️: സാധാരണഗതിയിൽ അവളെ പോലുള്ളവർക്ക് പരിചാരികയുണ്ടാവൽ പതിവുണ്ടെങ്കിൽ പരിചാരികയെ നിയമിക്കണം. അവൾ രോഗിയോ വാർധക്യം കാരണമോ പരിചാരിക ആവശ്യമായി വന്നാലും ഭർത്താവ് പരിചാരികയെ നിയമിക്കണം (ഇആനത്ത്: 4/74).


❓ ഭാര്യക്കു രോഗമായാൽ അവളെ ചികിത്സിക്കുന്ന ഡോക്ടർക്കു ഫീസ് കൊടുക്കലും മരുന്നു വാങ്ങിക്കൊടുക്കലും ഭർത്താവിനു നിർബന്ധമാണോ?


🅰️: നിർബന്ധമില്ല. ചികിത്സ നിർബന്ധമില്ലെന്നതിന്റെ വിവക്ഷ ഭാര്യയുടെ അവകാശമെന്ന നിലയിൽ ഭർത്താവിനെ അതിനു നിർബന്ധിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും അതിന്റെ പേരിൽ അവകാശ ലംഘനത്തിനു ഭർത്താവിനെതിരെ നടപടി സ്വീകരിക്കാൻ ഭാര്യക്കു അവകാശമില്ലെന്നുമാണ്. പ്രത്യുത ഭാര്യ രോഗിയായാൽ അവളെ അവഗണിക്കണമെന്നോ അവളുടെ വീട്ടിലേക്ക് പറഞ്ഞയക്കണമെന്നോ അല്ല. ഭാര്യയോട് നിങ്ങൾ നല്ല നിലയിൽ വർത്തിക്കണമെന്നു വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്.



❓ ചികിത്സ ഭാര്യയുടെ മൗലികാവകാശമായി പ്രഖ്യാപിക്കാത്തതിലുള്ള തത്വമെന്ത്?

🅰️: ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്നു പറഞ്ഞു ഭർത്താവിനെ ശല്യം ചെയ്യും. അതിന്റെ പേരിൽ കോടതി മുഖേന വിവാഹം ദുർബലപ്പെടുത്താൻ ശ്രമിക്കും. രോഗങ്ങൾ പലതും പ്രത്യക്ഷത്തിൽ പ്രകടമാകുന്നതല്ല. അതുകൊണ്ടുതന്നെ ഗോപ്യമായ രോഗം തനിക്കുണ്ടെന്നു ഭാര്യക്കു എപ്പോഴും വാദിക്കാം. അതിനെ നിഷേധിക്കാൻ ഭർത്താവിനു കഴിയുകയുമില്ല. ചികിത്സ നിർബന്ധമാക്കാത്തതിൽ ഇത്തരം യുക്തികളെല്ലാം ഉണ്ട്.
രോഗം എന്നതു സാധാരണമല്ല. വല്ലപ്പോഴുമൊക്കെയുണ്ടാകുന്നതാണ്. ഇസ്‌ലാം വ്യവസ്ഥ ചെയ്ത ചെലവു വിഹിതം പൂർണമായി ഭാര്യക്കു കിട്ടിയാൽ സാധാരണ ഗതിയിൽ അതിൽ നിന്നു മിച്ചം വെക്കാൻ അവൾക്കു സാധിക്കും. ചികിത്സാവശ്യാർത്ഥം അതു വിനിയോഗിക്കുകയും ചെയ്യാം.


❓ഭാര്യ പിണങ്ങിയാൽ അവളുടെ ചെലവു കൊടുക്കേണ്ടതില്ലെന്നു വ്യക്തമാക്കിയല്ലോ. പിണക്കം ഉണ്ടാകുന്ന കാര്യങ്ങൾ എന്തെല്ലാം?

🅰️: ഭർത്താവിനു അനുസരിക്കാതിരിക്കുക, ആർത്തവം, രോഗം, ലിംഗം വലുതാവുക തുടങ്ങിയ കാര്യങ്ങൾ കൂടാതെ സുഖാസ്വാദനത്തെ തൊട്ടു ഭർത്താവിനെ വിലങ്ങുക, അവന്റെ സമ്മതമോ തൃപ്തിയോ കൂടാതെ അവന്റെ വീട്ടിൽ നിന്നു പുറപ്പെടുക എന്നിവകൊണ്ടെല്ലാം പിണക്കം ഉണ്ടാകും (ഇആനത്ത്: 4/79, തുഹ്ഫ: 8/327).


❓ അൽപ സമയം പിണങ്ങിയാലും ചെലവു നഷ്ടപ്പെടുമോ?

🅰️: അതേ, ആ ദിവസത്തെ ചെലവും ആ ആറുമാസത്തെ വസ്ത്രവും നഷ്ടപ്പെടും (ഇആനത്ത്: 4/78).


❓ പിണങ്ങിയ വേളയിൽ അവൻ അവളെക്കൊണ്ട് സുഖമെടുത്താലോ?

🅰️: എങ്കിൽ ചെലവു നഷ്ടപ്പെടില്ല. അവൻ അതു നൽകൽ നിർബന്ധമാകും. (അവളുടെ പിണക്കത്തിനു അവൻ മാപ്പ് നൽകിയാലും അവളുടെ ചെലവ് നഷ്ടപ്പെടില്ല) (ഇആനത്ത്: 4/78).



❓ കാരണത്തോടുകൂടി ഭാര്യ വീട്ടിൽ നിന്നു ഭർത്താവിന്റെ സമ്മതം കൂടാതെ പുറത്തിറങ്ങിയാൽ പിണക്കമാവില്ലല്ലോ. എന്തെല്ലാമാണു കാരണങ്ങൾ?

🅰️: വീടു പൊളിഞ്ഞു വീഴാറാവുക, ദുർനടപ്പുകാരനോ കള്ളനോ തന്റെ ദേഹധനാദികളെ ആക്രമിക്കുമെന്നു ഭയപ്പെടുക, ഭർത്താവിൽ നിന്നും ലഭിക്കേണ്ട അവകാശം കരസ്ഥമാക്കാൻ ഖാസിയുടെ അടുത്തേക്കു പോവുക, വിശ്വസ്തനായ ഭർത്താവോ അവളുമായി വിവാഹബന്ധം നിഷിദ്ധമായവരോ അവൾക്കാവശ്യമായ നിർബന്ധ വിജ്ഞാനം (പഠിക്കൽ നിർബന്ധമായ കാര്യങ്ങൾ) പഠിപ്പിച്ചു കൊടുക്കാൻ പര്യാപ്തമല്ലെങ്കിൽ അത്തരം അറിവു നേടാൻ പുറപ്പെടുക. ഭർത്താവ് ദരിദ്രനാണെങ്കിൽ കച്ചവടം ചെയ്തോ മറ്റോ ജോലി ചെയ്തു ചെലവു വിഹിതം ഉണ്ടാക്കാൻ പോവുക എന്നിവയെല്ലാം പുറത്തു പോകാനുള്ള കാരണങ്ങളാണ് (ഇആനത്ത്: 4/81, തുഹ്ഫ: 8/327).


❓ ഭർത്താവിന്റെ തൃപ്തി ഭാവിക്കുമ്പോൾ രോഗ സന്ദർശനം, ബന്ധു വീട് സന്ദർശിക്കുക എന്നതിനു വേണ്ടി പുറത്തുപോയിക്കൂടെ?

🅰️: പോവാം. അതൊന്നും പിണക്കമായി പരിഗണിക്കില്ല (ഇആനത്ത്: 4/81).


❓ സ്വലാത്ത്, ദിക്ർ മജ്‌ലിസിലേക്ക് പുറപ്പെടാമോ?

🅰️: ഭർത്താവിന്റെ സമ്മതമില്ലാതെ പോകാവുന്ന കാര്യങ്ങളിൽ ഇവ പെടില്ല. മാത്രമല്ല, അവൾക്കു അപ്പോൾ ആവശ്യമില്ലാത്ത പല അറിവുകളും ലഭിക്കുന്ന വിജ്ഞാന സദസ്സിലും വഅളിന്റെ സദസ്സിലും പോവലും അവൾക്ക് ഭർത്താവിന്റെ സമ്മതമില്ലെങ്കിൽ പാടില്ല. പോയാൽ അതു പിണക്കവും അതുമൂലം ചെലവ് (ഭക്ഷണം, വസ്ത്രം പോലുള്ളവ) നഷ്ടപ്പെടുകയും ചെയ്യും (ശർവാനി: 8/327).


❓ അനുമതിയുണ്ടെങ്കിൽ പോകാമോ?

🅰️: നിയമം പാലിച്ചു പോയാൽ കുറ്റക്കാരിയാവില്ല. സ്വലാത്ത്, ദിക്ർ മജ്‌ലിസിലേക്ക് സ്ത്രീ പോവുന്നതല്ല പുണ്യം. മറിച്ച് വീട്ടിൽ ഒതുങ്ങിക്കൂടുന്നതാണ് പുണ്യം (ഫതാവൽ കുബ്റാ: 2/202).


❓ ഭാര്യയുടെ പിണക്കമായി പരിഗണിക്കുന്ന അവസരത്തിൽ അവൾ കുറ്റക്കാരിയാകുമോ?

🅰️: അതേ, കുറ്റക്കാരിയാകും (തുഹ്ഫ: 8/327).


❓ ഭാര്യയുടെ വസ്ത്രത്തിന്റെ കണക്കെങ്ങനെ?

🅰️: എല്ലാ ആറു മാസത്തിന്റെ ആരംഭത്തിലും തടിയിലും നീളത്തിലും മതിയാകുന്ന വസ്ത്രം വാങ്ങിക്കൊടുക്കണം. നീളക്കുപ്പായം, അരയുടുപ്പ്, കാലുറ, മക്കന, പാദരക്ഷ എന്നിവയെല്ലാം വാങ്ങിക്കൊടുക്കണം.


വസ്ത്രങ്ങൾക്കു പുറമെ തണുപ്പുള്ളപ്പോൾ അതു ശൈത്യ കാലത്താണെങ്കിലും ആവശ്യമായി വരുന്ന പുതപ്പും വാങ്ങിക്കൊടുക്കണം. ഭർത്താവിന്റെ കഴിവും കഴിവില്ലായ്മയും അനുസരിച്ച് വസ്ത്രത്തിന്റെ മികവും മികവില്ലായ്മയും വ്യത്യാസമുണ്ടാവാം. ഉറങ്ങുവാനുള്ള വിരിപ്പും തലയിണയും കട്ടിലിൽ ഉറങ്ങി ശീലമുള്ളവളാണെങ്കിൽ കട്ടിലും വാങ്ങിക്കൊടുക്കൽ നിർബന്ധമാകും.
താളി, ചീർപ്പ്, മിസ്‌വാക്ക്, തലയിലിടാനുള്ള എണ്ണ തുടങ്ങി ശുചീകരണ വസ്തുക്കളും ഭാര്യക്കു നൽകണം. ശരീരത്തിൽ എണ്ണ തേക്കൽ പതിവുള്ളവളാണെങ്കിൽ അതും നൽകണം (ഇആനത്ത്: 4/68).


❓ സുഗന്ധദ്രവ്യം വാങ്ങിക്കൊടുക്കണോ?

🅰️: ദുർഗന്ധം അകറ്റുവാൻ സുഗന്ധദ്രവ്യം ആവശ്യമെങ്കിൽ വാങ്ങിക്കൊടുക്കണം (ഇആനത്ത്: 4/72).


❓ ഭർത്താവ് നാട്ടിലില്ലെങ്കിലോ?

🅰️: എങ്കിൽ അഴുക്കും ജഡയും നീക്കാൻ ആവശ്യമായത് മാത്രം കൊടുക്കൽ നിർബന്ധമുള്ളൂ. മറ്റു ശുചീകരണ സാമഗ്രികൾ വേണ്ട. മടക്കിയെടുക്കാൻ പറ്റാത്ത നിലയിൽ ത്വലാഖ് ചൊല്ലപ്പെട്ട ഗർഭിണിക്കും അഴുക്ക്, ജഡ എന്നിവ നീക്കാൻ ആവശ്യമായതു നൽകിയാൽ മതി (ഇആനത്ത്: 4/71).

Comments