നിഷിദ്ധമായതിനെ ഒഴിവാക്കിയാൽ
നിഷിദ്ധമായതിനെ ഒഴിവാക്കിയാൽ
_അബൂഹുറൈറ (റ) യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ നിങ്ങളോട് വിരോധിച്ചത് മുഴുവനും നിങ്ങള്‍ കയ്യൊഴിക്കുക, കല്‍പ്പിച്ചതാകട്ടെ നിങ്ങള്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുക._
(മുസ്ലിം:1337)
1️⃣ വാഹനത്തില്‍ നിന്ന് വഴികളിൽ വേസ്റ്റുകള്‍ വലിച്ചെറിയല്‍
📜അബൂദർറില്‍(റ) വിൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:എന്റെ സമുദായത്തിന്റെ നൻമകളും തിന്മകളും എനിക്ക് പ്രദർശിക്കപ്പെട്ടു. വഴിയിൽ നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നത് അവരുടെ പുണ്യകർമ്മങ്ങളുടെ കൂട്ടത്തിലായി ഞാൻ ദർശിച്ചു …… (മുസ്‌ലിം: 553)
കാറിന്റെ വിൻഡോയിലൂടെയോ വഴികളിലോ വേസ്റ്റുകള്‍ വലിച്ചെറിയുന്നവരോട് ശൈഖ് ഉസൈമീൻ(റഹി)പറഞ്ഞു :
വഴിയിൽ നിന്നും ഉപദ്രവം നീക്കൽ സ്വദഖയാണെങ്കിൽ തീർച്ചയായും വഴിയിൽ ഉപദ്രവം വലിച്ചെറിയൽ തിന്മയാണ്. (ശറഹു രിയാളുസ്വാലിഹീന്‍ : 3/37)
2️⃣ ഇടത് കൈ കൊണ്ട് വെള്ളമോ മറ്റോ കുടിക്കല്‍
സത്യവിശ്വാസികൾ വലത് കൈകൊണ്ടാണ് ഭക്ഷിക്കുന്നത്. എന്നാൽ വലത് കൈകൊണ്ട് ഭക്ഷിക്കുന്നവർ പലപ്പോഴും ഇടത് കൈ കൊണ്ട് വെള്ളമോ മറ്റോ കുടിക്കുന്നത് കാണാം. അത് സത്യവിശ്വാസികൾക്ക് പാടുള്ളതല്ല.
📜ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ഭക്ഷിക്കുകയാണെങ്കില്‍ തന്റെ വലത് കൈ കൊണ്ട് ഭക്ഷിക്കുകയും കുടിക്കുകയാണെങ്കില്‍ വലത് കൈ കൊണ്ട് കുടിക്കുകയും ചെയ്യട്ടെ. നിശ്ചയം ശൈത്വാനാണ് തന്റെ ഇടത് കൈ കൊണ്ട് ഭക്ഷിക്കുകയും ഇടത് കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം:2020)
3️⃣ ആണ്‍കുട്ടികൾക്ക് സ്വർണം ധരിപ്പിക്കല്‍
📜 അബൂമൂസാ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എന്റെ സമുദായത്തിലെ സ്ത്രീകൾക്ക് സ്വർണ്ണവും പട്ടും അനുവദിക്കപ്പെടുകയും ആൺ വർഗത്തിന് അവ നിഷിദ്ധമാക്കപ്പെടുക യും ചെയ്തിരിക്കുന്നു. (മുസ്നദ് അഹമദ് 41/393- അൽബാനി സ്വഹീഹുൽ ജാമിഅ്: 207)
📜അബ്‌ദുല്ലാഹിബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ഒരാളുടെ വിരലില്‍ സ്വര്‍ണ്ണമോതിരം അണിഞ്ഞതായി നബി ﷺ കണ്ടു. അവിടുന്ന് അത് ഊരിയെടുത്ത് വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു. നിങ്ങളില്‍ ആരെങ്കിലും തീക്കനല്‍ തന്റെ കയ്യില്‍വെക്കാന്‍ ഇഷ്‌ടപ്പെടുമോ? …..(മുസ്‌ലിം:2090)
ആൺ വർഗ്ഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വലിയവരായ പുരുഷൻമാർ മാത്രമാണെന്ന് തെറ്റിദ്ധരിച്ച് ചെറിയ ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിച്ച് കൊടുക്കുന്നത് ഇന്ന് സമൂഹത്തിൽ ധാരാളമായി കാണുന്നു. ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിക്കൽ പാടില്ലാത്തതാണ്. അത് ധരിപ്പിച്ചു കൊടുത്ത മാതാപിതാക്കൾ ആ പാപഭാരം ഏറ്റെടുക്കേണ്ടി വരും.
4️⃣ അന്യസ്ത്രീകളെ നോക്കല്‍
📖 ﻗُﻞ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ ﻳَﻐُﻀُّﻮا۟ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻢْ ﻭَﻳَﺤْﻔَﻈُﻮا۟ ﻓُﺮُﻭﺟَﻬُﻢْ ۚ ﺫَٰﻟِﻚَ ﺃَﺯْﻛَﻰٰ ﻟَﻬُﻢْ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺧَﺒِﻴﺮٌۢ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ
📖 (നബിയേ) സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അതാണ് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായിട്ടുള്ളത്. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍ 24/30)
📜 നബി ﷺ അലിയോട് (റ) പറഞ്ഞു.‘അലീ, നോക്കിയതിനെ തുടര്‍ന്ന്‍ പിന്നെയും നീ നോക്കരുത്. കാരണം, ആദ്യത്തേതിന് നീ പൊറുക്കപ്പെടും. എന്നാല്‍ രണ്ടാമത്തേതിന് അതില്ല.’ (അബൂദാവൂദ് :2149- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു
📜അബ്ദുല്ലാഹില്‍ ബജലീ (റ) പറയുന്നു: ‘പെട്ടെന്നുള്ള (അവിചാരിതമായ) നോട്ടത്തെപ്പറ്റി ഞാന്‍ നബി ﷺ യോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് എന്റെ ദൃഷ്ടിയെ തിരിച്ചുകൊള്ളുവാന്‍ കല്‍പിക്കുകയാണ് ചെയ്തത്.’ (മുസ്‌ലിം:2159)
📜ഇമാം നവവി (റഹി) പറഞ്ഞു:പെട്ടെന്നുള്ള നോട്ടം എന്നത്, ഉദ്ദേശമൊന്നുമില്ലാതെ അന്യ സ്ത്രീയുടെ നേര്‍ക്ക് അവന്റെ നോട്ടം ഉണ്ടാവുകയെന്നതാകുന്നു. അപ്പോള്‍ ആ നോട്ടത്തിന്റെ തുടക്കത്തില്‍ അവന്റെ മേല്‍ കുറ്റമില്ല. ഈ അവസ്ഥയില്‍ തന്റെ ദൃഷ്ടിയെ തിരിക്കല്‍ അവന്റെ മേല്‍ നിര്‍ബന്ധമാണ്. ഈ അവസ്‌ഥയില്‍ (ദൃഷ്ടിയെ അവന്‍) തിരിക്കുകയാണെങ്കില്‍, അവന്റെ മേല്‍ കുറ്റമില്ല.ഇനി അവന്‍ നോട്ടം തുടരുകയാണെങ്കില്‍ ഈ ഹദീസനുസരിച്ച് അത് കുറ്റമാകുന്നു.(ശറഹു മുസ്ലിം)
ഒരു പുരുഷന് അന്യസ്ത്രീകളെ തൊട്ട് ദൃഷ്ടികള്‍ താഴ്ത്തല്‍ നി൪ബന്ധമാണ്. അവിചാരിതമായിട്ടുള്ള ആദ്യത്തെ നോട്ടത്തിന് പുറമേ വീണ്ടും നോക്കാന്‍ പാടുള്ളതല്ല. അവളെ വീണ്ടും വീണ്ടും ആവ൪ത്തിച്ച് നോക്കുമ്പോള്‍ പിശാച് മനസ്സില്‍ ദുഷ്’പ്രേരണയുണ്ടാക്കും.
📜ജാബിറില്‍(റ) നിന്ന് നിവേദനം : നബി ﷺ ഒരു സ്ത്രീയെ കാണാനിടയായി. ഉടനെ അദ്ദേഹം തന്റെ പത്നിയായ സൈനബിന്റെ(റ) അടുക്കല്‍ ചെന്ന് തന്റെ ആവശ്യം നി൪വ്വഹിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: സ്ത്രീ മുന്നോട്ട് വരുന്നതും പിന്നോട്ട് പോകുന്നതും ശൈത്വാന്റെ രൂപത്തിലാണ്. (സ്ത്രീ പുരുഷനില്‍ സ്വാധീനം ചെലുത്തും) അതിനാല്‍ നിങ്ങളാരെങ്കിലും ഒരു സ്ത്രീയെ കാണുകയും അവളില്‍ നിങ്ങള്‍ക്ക് ആക൪ഷണം തോന്നുകയും ചെയ്താല്‍ അവന്‍ തന്റെ ഭാര്യയുടെ അടുക്കല്‍ ചെന്ന് (തന്റെ ആവശ്യം നി൪വ്വഹിച്ചു കൊള്ളട്ടെ). അത് അവന്റെ മനസ്സിലെ ദുഷിച്ച ചിന്തയെ പോക്കി കളയുന്നതാണ്. (മുസ്ലിം:1403)
5️⃣ അന്യസ്ത്രീയോടൊപ്പം തനിച്ചാകല്‍
📜നബി ﷺ പറഞ്ഞു: ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി പിശാച് ഉണ്ടായിട്ടല്ലാതെ. (തിര്‍മുദി :1171)
അതുകൊണ്ടുതന്നെയാണ് നബി ﷺ ഒരു പുരുഷനും ഒരു സ്ത്രീയും ഒറ്റക്കാകുന്നത് വിരോധിച്ചിട്ടുള്ളത്.
📜നബി ﷺ പറഞ്ഞു: എന്റെ ഈ ദിവസത്തിന് ശേഷം ഒന്നോ രണ്ടോ ആള്‍ കൂട്ടിനില്ലാതെ ഒരാളും ഒരു അന്യസ്ത്രീയുടെ അടുക്കല്‍ പ്രവേശിക്കരുത്. (മുസ് ലിം: 2173)
6️⃣ സ്ത്രീ മഹ്റമിനോടൊപ്പമല്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യൽ
📜ഇബ്നുഅബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു പുരുഷനും ഒരു സ്ത്രീയും ഒറ്റക്കാകാന്‍ പാടില്ല, മഹ്റമായവരോടൊപ്പമല്ലാതെ. മഹ്റമിനോടൊപ്പമല്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ല. (മുസ് ലിം: 1341)
7️⃣ അന്യസ്ത്രീകൾക്ക് ഹസ്തദാനം ചെയ്യൽ
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം, അന്യസ്ത്രീയുമായി ഹസ്തദാനം ചെയ്യുന്നത് അനുവദനീയമല്ല.
📜മഅ്ഖില്‍ ബിന്‍ യസ്സാറിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പ൪ശിക്കുന്നതിനേക്കാള്‍, ഇരുമ്പിന്റെ സൂചി കൊണ്ട് തലയില്‍ തറക്കുന്നതാണ് അയാള്‍ക്ക് ഉത്തമമായിട്ടുള്ളത്. (ത്വബ്‌റാനി – സ്വഹീഹുല്‍ ജാമിഅ്)
📜ആയിശ(റ) പറയുന്നു: അല്ലാഹുവാണെ സത്യം. നബിﷺയുടെ കരം ഒരു (അന്യ) സ്ത്രീയുടെ കരത്തെ സ്പര്‍ശിക്കുകയുണ്ടായിട്ടില്ല, അവർ അദ്ദേഹത്തോട് ബൈഅത്ത് (കരാർ) ചെയ്യുന്നതു പോലും വാക്കിലൂടെ മാത്രമാണ്. (മുസ്‌ലിം:1866)
📜 *അന്യ സ്ത്രീകളുടെ കൈ സ്പർശിക്കുന്നത് കൈ കൊണ്ടുള്ള വ്യഭിചാരം എന്നാണ് നബി (സ്വ) വിശേഷിപ്പിച്ചത്.*
നബി ﷺ പറഞ്ഞു: ഇരുകണ്ണുകളും വ്യഭിചരിക്കും. ഇരുകരങ്ങളും വ്യഭിചരിക്കും. ഇരുകാലുകളും വ്യഭിചരിക്കും. ഗുഹ്യസ്ഥാനവും വ്യഭിചരിക്കും. (അഹ്‌മദ്)
8️⃣ ജുമുഅ ബാങ്കിന് ശേഷം കച്ചവടമോ ജോലിയോ ചെയ്യൽ
📖 *ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﺫَا ﻧُﻮﺩِﻯَ ﻟِﻠﺼَّﻠَﻮٰﺓِ ﻣِﻦ ﻳَﻮْﻡِ ٱﻟْﺠُﻤُﻌَﺔِ ﻓَﭑﺳْﻌَﻮْا۟ ﺇِﻟَﻰٰ ﺫِﻛْﺮِ ٱﻟﻠَّﻪِ ﻭَﺫَﺭُﻭا۟ ٱﻟْﺒَﻴْﻊَ ۚ ﺫَٰﻟِﻜُﻢْ ﺧَﻴْﺮٌ ﻟَّﻜُﻢْ ﺇِﻥ ﻛُﻨﺘُﻢْ ﺗَﻌْﻠَﻤُﻮﻥَ*
📖 സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (ഖു൪ആന്‍: 62/9)
‘കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുക’ എന്നു പറഞ്ഞതിന്റെ താല്‍പര്യം ജുമുഅയില്‍ പങ്കെടുക്കുന്നതിനു മുടക്കായിത്തീരുന്ന എല്ലാ ജോലികളും ബാങ്കുവിളി കേട്ടാല്‍ പിന്നീടു തുടരാതെ നിറുത്തിവെക്കണമെന്നാകുന്നു. കച്ചവടക്കാര്‍ മാത്രം തങ്ങളുടെ ജോലി നിറുത്തി പങ്കെടുത്താല്‍ മതി എന്ന് അതിനു അര്‍ത്ഥമില്ല. ജുമുഅക്ക് ബാങ്കുവിളിച്ചാല്‍ കച്ചവടം നിറുത്തിവെക്കണമെന്ന് അല്ലാഹു കല്പിച്ചിരിക്കെ, ആ കല്‍പന അനുസരിക്കാതെ നടത്തപ്പെടുന്ന എല്ലാ കച്ചവടവും മുസ്‌ലിംകള്‍ക്ക് ഹറാം (കുറ്റകരമായ നിഷിദ്ധം) ആണെന്നുള്ളതില്‍ യാതൊരു സംശയമില്ല
9️⃣ നമസ്കാരത്തിൽ ഇമാമിനെ മുൻകടക്കൽ
📖 وَكَانَ ٱلْإِنسَٰنُ عَجُولًا
മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു. (ഖുർആൻ:17/11)
📜നബി ﷺ പറഞ്ഞു:സാവകാശം അല്ലാഹുവില്‍ നിന്നാണ്. ധൃതി പിശാചില്‍ നിന്നുമാണ്. (സുനനുത്തുര്‍മുദി :2012 – സ്വഹീഹ് അല്‍ബാനി)
നമസ്കാരത്തിലെ ഏതൊരു ചലനത്തിലും ഇമാം തക്ബീര്‍ ചൊല്ലി തീര്‍ന്ന ശേഷം ഇമാമിനെ പിന്‍തുടരണമെന്നാണ് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇമാം ‘അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞ് തീരും മുന്‍പ് ആരും മുന്തിച്ച് പ്രവര്‍ത്തിക്കരുത്. പറഞ്ഞ് തീര്‍ന്നാല്‍ പിന്തിപ്പിക്കുകയും വേണ്ട. സച്ചരിതരായ സ്വഹാബികള്‍ നബിയെ(സ്വ) മുന്‍കടന്ന് പ്രവര്‍ത്തിക്കാതിരിക്കുന്നതില്‍ അതീവ തല്‍പ്പരരായിരുന്നു.
📜ബറാഅബ്നു ആസിബില്‍(റ) നിന്ന് നിവേദനം: നബി ﷺ ‘സമി അല്ലാഹു ലിമൻ ഹമിദഹു’ എന്ന് പറഞ്ഞു കഴിഞ്ഞാൽ അവിടുന്ന് സുജൂദിൽ എത്തുന്നതുവരെ (സുജൂദ് ചെയ്യാൻ) ഞങ്ങളാരും മുതുക് കുനിക്കാറുണ്ടായിരുന്നില്ല. പിന്നെ നബി(സ്വ)ക്ക് ശേഷം ഞങ്ങൾ സുജൂദിൽ ചെന്നെത്തും (ബുഖാരി: 690)
📜നബി ﷺ പറഞ്ഞു: ജനങ്ങളെ, ഞാന്‍ നിങ്ങളുടെ ഇമാമാണ്. അതിനാല്‍ റുകൂഇലും സുജൂദിലും നിറുത്തത്തിലും തിരിയുമ്പോഴും നിങ്ങള്‍ എന്നെ മുന്‍കടക്കരുത്. (മുസ്ലിം:426)
📜അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: ഇമാമിനു മുമ്പ് തല ഉയര്‍ത്തുന്ന പക്ഷം അവന്റെ തലയെ കഴുതയുടെ തലയായിട്ടു അല്ലാഹു മാറ്റുകയോ അല്ലെങ്കില്‍ അവന്റെ ആകെ രൂപത്തെത്തന്നെ കഴുതയുടെ രൂപത്തില്‍ മാറ്റുകയോ ചെയ്തേക്കുമെന്ന് അവന്‍ ഭയപ്പെടുന്നില്ലേ? (ബുഖാരി:691)

Comments