ഹറാമിന് വേണ്ടി ഹലാൽ ചർച്ച ചെയ്യപ്പെടുമ്പോൾ

 ഹറാമിന് വേണ്ടി ഹലാൽ ചർച്ച ചെയ്യപ്പെടുമ്പോൾ




ഈ രണ്ടു അറബി പദങ്ങൾ വ്യാപകമായി തെറ്റിദ്ധരിപ്പിക്കലിന് വിധേയമാക്കപ്പെടുകയാണിപ്പോൾ.


 ലോകത്തെ എല്ലാ മത വിശ്വാസികൾക്കും ഉള്ളത് പോലെ തന്നെ ഉപയോഗിക്കാൻ പറ്റുന്നതും ഉപയോഗിക്കാൻ പറ്റാത്തതും എന്ന വേർതിരിവ് ഇസ്‌ലാമിലും ഉണ്ട്. അത് കേവലം ആഹാര സാധങ്ങളിൽ മാത്രമല്ല ഒരു ദൈവിക ജീവിത വ്യവസ്ഥിതി എന്ന നിലക്ക് മുസ്ലിംകളുടെ ജീവിതത്തിലുടനീളം ഈ ഹലാലും (അനുവദനീയമായത്) ഹറാമും (വർജ്ജിക്കേണ്ടത്) നിത്യേനയെന്നോണം കടന്നു വരുന്നുണ്ട്.


 മനുഷ്യന്റെ ജീവിതാവശ്യത്തിനു ഉപയോഗിക്കുന്ന പണം അതൊരിക്കലും അനുവദനീയമല്ലാത്ത മാർഗ്ഗത്തിൽ ഉണ്ടാക്കാൻ പാടില്ല. പിടിച്ചു പറിച്ചും, കൊള്ള ചെയ്തും അമിത ലാഭമെടുത്തും വിശ്വാസ വഞ്ചന കാണിച്ചും കച്ചവടത്തിൽ ചതി ചെയ്തും ആളുകളെ ചൂഷണം ചെയ്തും പലിശ ഉപയോഗിച്ചും ഉണ്ടാക്കുന്ന മുഴുവൻ സമ്പത്തും, മദ്യം തുടങ്ങിയ വസ്തുക്കൾ വിറ്റു കൊണ്ടുണ്ടാക്കുന്നതെല്ലാം ഹറാമിന്റെ സമ്പത്ത് എന്ന വിവക്ഷയിൽ തന്നെയാണ് വരിക.


 അത് പോലെ തന്നെയാണ് ഭക്ഷണ പദാർത്ഥങ്ങളിലും വർജ്ജിക്കേണ്ടത് വർജ്ജിച്ചു തന്നെയാകണം വിശ്വാസികൾ ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ടത്. മറ്റുള്ളവർക്ക് അവകാശപ്പെട്ട ഭക്ഷണം കവർന്നെടുത്തു ഭക്ഷിക്കുക. ഭക്ഷണത്തിൽ മായം കലർത്തുക, ചത്ത മൃഗങ്ങളുടെ മാംസം, മൃഗങ്ങളെ തലക്കടിച്ചും മറ്റും കൊന്നതിനു ശേഷം എടുക്കുന്ന മാംസം, രോഗം ബാധിച്ചും മറ്റും ചത്ത് പോയതോ അല്ലെങ്കിൽ ജീവച്ഛവമായി കിടക്കുന്ന മൃഗങ്ങളോ പന്നി പോലെയുള്ളവയുടെ മാംസം, എന്നിവയൊക്കെ ഇസ്‌ലാം വർജ്ജിക്കേണ്ട ഭക്ഷണ പദാർത്ഥങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  


 ഒരു വിശ്വാസി ദൈവത്തിന്റെ നാമം ഉച്ചരിച്ച് അറുക്കുന്ന എല്ലാ മൃഗങ്ങളൂം മുസ്‌ലിംകൾക്ക് ഭക്ഷിക്കാൻ സാധ്യമല്ല.

അറവ് എന്നത് തന്നെ ഭക്ഷണ രീതിയിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒരു പ്രോസസ്സ് മാത്രമാണ്. മൂർച്ചയുള്ള കത്തി കൊണ്ട് അനുവദനീയമാക്കപ്പെട്ട മൃഗത്തിന്റെ ശ്വാസ നാളവും അന്നനാളവും മുറിയണം. അതാണ് അറുക്കുന്നതിന്റെ വിധി. മുസ്ലിംകളെ സംബന്ധിച്ചടത്തോളം അവൻ എന്ത് കാര്യം ചെയ്യുമ്പോഴും അല്ലാഹുﷻവിന്റെ നാമത്തിൽ ചെയ്യുന്നു എന്ന ബിസ്‌മി ഉപയോഗിക്കൽ പുണ്യകരമാണ്. 


▪️എന്താണ് ഹറാമായതൊന്നും ഉപയോഗിക്കരുതെന്ന് പറയുന്നത്..?


 കേവലം മൃഗങ്ങളെ അറുക്കുന്നതോ ആ മാംസം ഭക്ഷിക്കുന്നതോ മാത്രമല്ല ഹലാൽ ഹറാം വിവാദത്തിൽ മനസ്സിലാക്കേണ്ടത്. ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കാനുള്ള പരിശീലനങ്ങളുടെ മുഖ്യ കാതലാണ് ഹലാലും ഹറാമും.  


 ഒരിക്കൽ രണ്ടാം ഉമർ എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന ഉമർ ‍ഇബ്‌നു അബ്‌ദുൽ ‍അസീസ്‌ (റ) തന്റെ രാജ്യത്തിന്റെ അധികാരപരിധിയിലുള്ള തോട്ടത്തില്‍ നിന്ന്‌ പറിച്ചെടുത്ത ആപ്പിള്‍ അവിടെയുള്ള പട്ടിണിപ്പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യുകയായിരുന്നു. പെട്ടെന്ന്‌, ഖലീഫ  തിരിഞ്ഞുനോക്കിയപ്പോള്‍  തന്റെ കുഞ്ഞുമോന്‍ അതില്‍ നിന്നൊരാപ്പിളെടുത്ത്‌ നെഞ്ചോടു ചേർ‍ത്തു പിടിച്ചിരിക്കുന്നു; ഭരണാധികാരിയായ ഖലീഫ ആ ആപ്പിള്‍ തന്റെ മകന്റെ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങി ആ കുട്ടയിൽ തന്നെ നിക്ഷേപിച്ചു. അതീവ താല്പര്യത്തോടെയും കൊതിയോടെയും  കൈയില്‍ എടുത്തു വെച്ച ആപ്പിള്‍ പിടിച്ചുവാങ്ങിയപ്പോൾ ആ പൊന്നുമോന് സങ്കടം അടക്കിനിർത്താൻ കഴിഞ്ഞില്ല. അവൻ വിങ്ങിപ്പൊട്ടിക്കരഞ്ഞു ഉമ്മയുടെ അടുത്തേക്കോടി. പൊന്നു മോന്റെ ആ വരവ് കണ്ടപ്പോൾ ഉമ്മയായ ഫാത്തിമ(റ)യും കരഞ്ഞു പോയി...


 രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഭക്ഷണ തളികയിൽ ഒരാപ്പിളിന്റെ കഷണം. ഇത് കണ്ടതോടെ ഉമർ ഇബ്നു അബ്ദുൽ അസീസ് (റ) വിന്റെ മുഖം വിവർണമായി. അദ്ദേഹം ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോകാനൊരുങ്ങിയപ്പോൾ ഫാത്തിമ (റ) തടഞ്ഞു. എന്നിട്ട് പ്രിയതമനോട് പറഞ്ഞു,

 "മകന് ആപ്പിളിനോടുള്ള ആഗ്രഹം അത്രയും ശക്തമായിരുന്നു. അതിനാൽ ഞാൻ അങ്ങാടിയിൽ നിന്നും വാങ്ങിപ്പിച്ചതാണീ ആപ്പിൾ. ഇതൊരിക്കലും ഹറാമായ ചേരുവ കലർന്ന ഭക്ഷണമല്ല" 


 ഇതു കേട്ടതും ഖലീഫയുടെ മുഖം ചുവന്നു തുടുത്തു. അതീവ ദുഖത്തോടെ അദ്ദേഹം പറഞ്ഞു “ഫാത്വിമ, നമ്മുടെ കുഞ്ഞുമോന്റെ കൈയില്‍ നിന്ന്‌ ആ ആപ്പിള്‍ പിടിച്ചുവാങ്ങുമ്പോള്‍ എന്റെ കരള്‍ പറിച്ചെടുക്കുന്നതുപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. പക്ഷെ അല്ലാഹുﷻവിന്റെ കോടതിയില്‍ ഞാനെന്തു മറുപടി പറയും..? പാവങ്ങള്‍ക്ക്‌ അവകാശപ്പെട്ട ഒരാപ്പിളിന്‌ പകരം ഞാനും എന്റെ കുടുംബവും നരകശിക്ഷ ഏറ്റുവാങ്ങരുതല്ലോ..." 


 ഈ ഒരു കൺസപ്റ്റ് ആണ് യഥാർത്ഥത്തിൽ ഇസ്‌ലാമിക വിശ്വാസത്തിലെ ശരിയായ ഹലാലും ഹറാമും എന്ന് പറയുന്നത്.


 അനുവദനീയമായത് മാത്രം ഭക്ഷിക്കുക, ഉപയോഗിക്കുക, ആസ്വദിക്കുക അല്ലാത്തതെല്ലാം വർജ്ജിക്കുക. അല്ലാഹുﷻവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഭയവും പരലോക ജീവിതത്തിലുള്ള പ്രതീക്ഷയുമാണ്‌ ഈ നിലപാട് സ്വീകരിക്കുന്നതിലൂടെ വിശ്വാസി ആഗ്രഹിക്കുന്നത്.  


 സദ്യയിലും സമ്പാദ്യത്തിലും പാപം കലരാതിരിക്കുവാൻ ‍അത്കൊണ്ട് തന്നെ വിശ്വാസികൾ ബദ്ധ ശ്രദ്ധരാകുന്നു. ഇസ്ലാമിക പഠനങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

പട്ടിണി സഹിക്കേണ്ടിവന്നാലും ഹറാമായതൊന്നും ജീവിതത്തിലെവിടെയും ഉണ്ടാവരുതെന്ന ഒരു നിഷ്ഠയാണത്. അതാണ് ജീവിതത്തെ ധന്യമാക്കുന്ന മഹത്തായ സമീക്ഷയും.


 മുത്ത് നബിﷺതങ്ങൾക്ക് ആരെന്തു സമ്മാനിച്ചാലും അത് ഉപയോഗിക്കുന്നതിനു മുമ്പ് അതെങ്ങിനെ എവിടെ നിന്ന് ലഭിച്ചു എന്ന് അന്വേഷിക്കാതെ ഉപയോഗിക്കുമായിരുന്നില്ല. 


 ഒരു ദിവസം രാത്രി മുത്ത് നബി ﷺ ഉറങ്ങാതെ അസ്വസ്ഥനായി കണ്ടപ്പോൾ മഹതി ആഇശ ബീവി (റ) ചോദിച്ചു, "എന്ത് പറ്റി പ്രവാചകരെ..?" മുത്ത് നബി ﷺ പറഞ്ഞു: "ഞാൻ നമ്മുടെ അടുത്ത വീട്ടിൽ നിലത്ത് ഒരു കാരക്ക കിടക്കുന്നത് കണ്ടപ്പോൾ അതെടുത്തു ഭക്ഷിച്ചു. കഴിച്ചു കഴിഞ്ഞപ്പോൾ സ്വദഖ ചെയ്യുന്നതിന് വേണ്ടി ഏൽപ്പിക്കപ്പെട്ട കാരക്ക ഇവിടെ ഉണ്ടായിരുന്നല്ലോ എന്നോർമ്മ വന്നത്. അതിൽ നിന്നെങ്ങാനും വീണു പോയതായിരിക്കുമോ എന്നോർത്ത് കൊണ്ടാണ് എനിക്ക് ഉറക്കം വരാത്തത്. ഞാൻ കഴിച്ച കാരക്ക അതിൽ പെട്ടതാണോ എന്ന് ഞാൻ ഭയക്കുന്നു."


 ജീവിതത്തിൽ നമുക്ക് അനുവദിക്കപ്പെട്ടത് മാത്രം ഉപയോഗിക്കുകയും മറ്റുള്ളവർക്ക് അവകാശപ്പെട്ടത് വർജിക്കുകയും ചെയ്യുകയെന്നതും ഹലാൽ ഹറാം വഴിയിൽ വരുന്നതാണ്. അന്യർക്ക് അവകാശപ്പെട്ടതൊക്കെ അവരുടെ അനുമതിയും അനുവാദവുമില്ലാതെ ഉപയോഗിക്കുന്നത് ഹറാമിന്റെ ഗണത്തിലാണ് വരുന്നത്. 


 ഇസ്‌ലാമിക ജീവിത വഴിയിലെ ഏറ്റവും ശുദ്ധമായ ഒരു ആവിഷ്കാരത്തെ കേവലം ആടുമാടുകളെ അറവ് ചെയ്യുന്ന ഒരൊറ്റ വഴിയിൽ മാത്രം തളിച്ചിടുന്നത് തീർത്തും രാജ്യത്തു നിലനിൽക്കുന്ന സൗഹാർദ്ധ അന്തരീക്ഷം തകർക്കുന്നതിനുള്ള ഗൂഢാസൂത്രണമാണ്‌. 


 വെറും മാംസമാഹാരത്തിൽ മാത്രമല്ല ഈ ഹലാലും ഹറാമും ഉള്ളത്. നാം കഴിക്കുന്ന എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും ഹറാം കലരാൻ പാടില്ല. അന്യർക്ക് അവകാവശ്യപ്പെട്ടത്. മായം ചേർക്കപ്പെട്ടത്. വിൽപ്പനക്ക് വേണ്ടി ഗുണമേന്മയും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ വസ്തുക്കളെ ഉണ്ടെന്നു പറഞ്ഞു വിൽക്കുക ഇതൊക്കെ ഈ ഗണത്തിൽ പെടുന്നു. വെറുമൊരു മാംസാഹാര വഴിയേ മാത്രം ചൂണ്ടിക്കാട്ടി ഇസ്‌ലാമിലെ ഹറാം ഹലാലുകൾ വിശദീകരിക്കപ്പെടുന്നത് തീർത്തും ദുഷ്ടലാക്ക് തന്നെയാണ്.


▪️എന്താണ് നിഷിദ്ധമായ ഭക്ഷണങ്ങൾ..?


   മദ്യം മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍

മത്സ്യം, വെട്ടുകിളികള്‍ എന്നിവയുടേതല്ലാത്ത ശവങ്ങൾ

ജീവികളുടെ രക്തം നായ, പന്നി, കുരങ്ങ്‌, കഴുത തുടങ്ങിയ മൃഗങ്ങൾ

മാംസ ഭുക്കുകളായ മൃഗങ്ങള്‍

കാലു കൊണ്ട്‌ ഇരപിടിക്കുന്ന പക്ഷികള്‍

പൂച്ച - എലി വര്‍ഗ്ഗങ്ങള്‍, ഇഴജന്തുക്കള്‍

മ്ലേച്ഛതയുമായി ബന്ധപ്പെടുന്ന ജീവികള്‍

കരയിലും വെളളത്തിലും ജീവിക്കാന്‍ കഴിയുന്ന ഉഭയ ജീവികള്‍

ചതി, വഞ്ചന എന്നിവയിലൂടെ സമ്പാദിച്ചു കൂട്ടി ഉണ്ടാകുന്ന ഭക്ഷണം

മായം കലർത്തിയും വിഷാംശങ്ങൾ കലർത്തിയുമുള്ള ഭക്ഷണങ്ങൾ.


 സത്യം ഗ്രഹിക്കാനും സത്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനും നമുക്ക് നാഥൻ തൗഫീഖ് നൽകട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ☝🏼

Comments