എരിഞ്ഞുതീരുന്ന ദാമ്പത്യം |Burning marriage in islam view
എരിഞ്ഞുതീരുന്ന ദാമ്പത്യം
arivinnilave
ദാമ്പത്യബന്ധങ്ങൾ എത്ര ടോക്സിക് ആയാലും, എന്ത് കൊണ്ടാണ് മനുഷ്യർക്ക് അവയിൽ നിന്ന് ഇറങ്ങി പോരാൻ പറ്റാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ. ശാരീരികമായി ഉപദ്രവമേൽപ്പിക്കുന്ന പങ്കാളിയാണെങ്കിൽ പോലും, പലപ്പോഴും ആ ബന്ധം മുറിച്ച് വാക്ക്ഔട്ട് ചെയ്യാൻ സാധിക്കാത്തതെന്താണ്..?!
സ്ത്രീധന പീഡനത്തെ തുടർന്ന് പെൺകുട്ടി ആത്‍മഹത്യ ചെയ്ത വാർത്ത കേട്ടപ്പോൾ നമ്മളെല്ലാവരും ആഗ്രഹിച്ചില്ലേ, ആ കുട്ടിക്ക് അതിൽ നിന്ന് നേരത്തേ ഇറങ്ങി പോരാൻ പറ്റിയിരുന്നെങ്കിലെന്ന്.
അബ്യൂസീവായ ബന്ധങ്ങളിൽ തുടരുന്ന ഒട്ടനവധി പേർ നമുക്ക് ചുറ്റുമുണ്ടെന്നതാണ് യാഥാർത്ഥ്യം. തന്നെ താൻ അല്ലാതാക്കുന്ന, സ്വത്വത്തെ ഓരോ നിമിഷവും കാർന്നു തിന്ന് ഇല്ലാതാക്കുന്ന വിഷമയമായ ബന്ധങ്ങളിൽ യാതൊരു ഉൾക്കാഴ്ചയുമില്ലാതെ തുടരുന്നവർ.
നിരന്തരം ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്ന അവർക്ക് ഒരു തിരിച്ചറിവ് വരണം, എത്രയും പെട്ടെന്ന് ആ ബന്ധം അവസാനിപ്പിച്ച് ഇറങ്ങിപോകാൻ പറ്റണം, അതാണ് ഈ എഴുത്തിന്റെ ലക്ഷ്യം.
ബന്ധങ്ങൾ ടോക്സിക് ആവുമ്പോഴും, എന്ത് കൊണ്ട് അതിൽ നിന്ന് പുറത്ത് കടക്കാൻ പറ്റാതെ വരുന്നു എന്നതിന്റെ കാരണങ്ങളാണ് ഇനി പറയുന്നത്.
1) ഭയം
എപ്പോഴും ഭയന്ന് വിറച്ചു ജീവിക്കേണ്ട അവസ്‌ഥ വന്നിട്ടുണ്ടോ.
പങ്കാളി എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത്, അഗ്രസീവ് ആവുന്നത് എന്നറിയാതെ എപ്പോഴും പേടിച്ചു കഴിയുക. പൊട്ടിത്തെറിക്കുന്ന നായകന്മാർ റൊമാന്റിക് ആവുന്നത് ഏറെക്കുറെ സിനിമയിൽ മാത്രമാണ്. റിയൽ ലൈഫിൽ അവരുടെ കൂടെയുള്ള സഹവാസം അങ്ങേയറ്റം ഭയാനകമാണ്.
ഒരു വിഷപ്പാമ്പിനെ തലയിൽ വച്ച് കൊണ്ട് ജീവിക്കുകയാണ് എന്നാണ് ഒരു ഭാര്യ തന്റെ വയലന്റായ ഭർത്താവിന്റെ കൂടെയുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. തന്നെ വിട്ടുപോയാൽ ശാരീരികമായും മാനസികമായും ഉപദ്രവിച്ചേക്കും എന്നൊരു ഭീഷണി എപ്പോഴും അവരുടെ സംഭാഷണങ്ങളിൽ തെളിഞ്ഞും മറഞ്ഞും കടന്ന് വരും. അത് കൊണ്ട് തന്നെ ഭാര്യക്ക് തന്റെ അവസ്ഥയെ കുറിച്ച് ആരോടെങ്കിലും തുറന്ന് പറയാൻ തന്നെ പേടി ആയിരിക്കും.
2) ഗ്യാസ് ലൈറ്റിങ്
മാനിപ്പുലേഷൻ ആണ് അബ്യൂസീവ് ബന്ധങ്ങളുടെ ഒരു സവിശേഷത. പങ്കാളിയാൽ നിരന്തരം മാനിപ്പുലേറ്റ് ചെയ്യപ്പെട്ട് തന്റെ തന്നെ സമനിലയിൽ ഭാര്യക്ക് സംശയം തോന്നിത്തുടങ്ങുന്ന അവസ്ഥയ്ക്കാണ് ഗ്യാസ് ലൈറ്റിങ് എന്ന് പറയുന്നത്.
'നീ ചുമ്മാ ഓവർ തിങ്ക് (അനാവശ്യ ചിന്ത) ചെയ്യുന്നതാ..'
'അല്ലെങ്കിലും നീ വെറുതെ ഇമോഷണൽ ആവും, എന്നെ തീരെ വിശ്വാസമില്ലാ..'
'നീയും നിന്റെ വീട്ടുകാരും എപ്പോഴും ഇങ്ങനെയാണ്.. അല്ലാതെ ഞാൻ ചെയ്തതിന്റെ പ്രശ്നമല്ലാ..'
ഇങ്ങനെ ഓരോന്ന് കേട്ട് കേട്ട്, തന്റെ കുറ്റം കൊണ്ടാണ്, കുറവ് കൊണ്ടാണ്, തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം ഉണ്ടാവുന്നത് എന്ന് ഭാര്യ പൂർണ്ണമായും വിശ്വസിച്ചു തുടങ്ങുന്നു. ഇത്രയും കുറവുകൾ ഉണ്ടായിട്ടും തന്റെ കൂടെ നിൽക്കാൻ തയ്യാറാവുന്ന പങ്കാളിയിൽ അവർ കൂടുതൽ ഡിപ്പെൻഡന്റ് ആവുന്നു.
3) Intermittent reinforcement
എലികളിൽ നടത്തിയ ഒരു പരീക്ഷണം പറയാം. ഒരു എലിയെ കൂട്ടിലിട്ടേക്കുന്നു. അതിനുള്ളിൽ ഒരു ലിവർ (lever) ഉണ്ട്. അതിൽ തട്ടിയാൽ ഒരു ധാന്യമണി താഴോട്ട് വീഴും. സംഭവം മനസ്സിലാക്കിയ എലി ഇടക്കിടെ വിശക്കുമ്പോൾ പോയി അതിൽ തട്ടുന്നു. ആദ്യമൊക്കെ തുടർച്ചയായി അത് വീഴും. പെട്ടെന്ന് ഒരു ദിവസം തട്ടിയിട്ടും ധാന്യമണി താഴോട്ട് വരുന്നില്ല. എലി ഒന്നൂടെ തട്ടി നോക്കും, ഇല്ലാ വരുന്നില്ലാ. കുറച്ച് നേരം തട്ടി കഴിയുമ്പോൾ അതാ ഒരെണ്ണം താഴോട്ട് വീഴും. പിന്നെയും കുറെ നേരം തട്ടിയിട്ട് ഒന്നും സംഭവിക്കുന്നില്ലാ. അങ്ങനെ ഇരിക്കേ, ഒരു പാറ്റേണും ഫോളോ ചെയ്യാതെ ഇടയ്ക്കിടെ തട്ടുമ്പോൾ മാത്രം ധാന്യമണി താഴോട്ട് വീണ് തുടങ്ങും.
അങ്ങനെ കിട്ടുന്ന ധാന്യമണി നല്ല ആർത്തിയോടെ ആവും എലി തിന്നുക. അത്രയും നേരം അക്ഷമനായി അതിൽ തട്ടിക്കൊണ്ടിരുന്നത് അവൻ മറക്കും. ആ ഒരു ധാന്യമണിയിൽ ആവും അവന്റെ മുഴുവൻ ഫോക്കസും, അത് വീഴാൻ വേണ്ടി അവൻ സ്വയമേ ഡ്രെയിൻ ഔട്ട് ആയാലും, അത് കിട്ടുമ്പോൾ അനുഭവിക്കുന്ന സന്തോഷം കാരണം ആ ട്രോമയെ അവൻ തിരിച്ചറിയുന്നില്ലാ.
ഇനിയാ ധാന്യമണി വീഴുന്ന ഗ്യാപ്പ് കൂട്ടിക്കൊണ്ട് വന്നാൽ പോലും, അവൻ കൂടുതൽ ഡെസ്പെരേറ്റായി അതിൽ തട്ടുകയും, താഴോട്ട് വീണ് കിട്ടുമ്പോൾ കൂടുതൽ ഹൈ ആവുകയും ചെയ്യും.
ഇതിനാണ് intermittent reinforcement എന്ന് പറയുന്നത്. ഒരു റിലേഷൻഷിപ്പിന്റെ കോണ്ടക്സ്റ്റിൽ ഇതിനെ bread crumbing എന്നും പറയാറുണ്ട്. ഇടയ്ക്കിടെ ഒരു അപ്പ കഷണം ഇട്ട് കൊടുത്ത് നിലനിർത്തുക. നിരന്തരമായ പീഡനങ്ങളുടെ ഇടയിലും ഇടയ്ക്ക് വല്ലാതെ സ്നേഹം കാണിക്കും, 'നീ ഇല്ലാതെ എനിക്ക് പറ്റില്ലാ', 'നീ ആണ് എന്റെ സോൾമേറ്റ്' എന്നെല്ലാം പറഞ്ഞ് കളയും.
സ്ഥിരം കിട്ടുന്ന നെഗറ്റീവിന്റെ ഇടയിൽ ആയത് കൊണ്ട്, ഈ പോസിറ്റീവ് സംഭവത്തോട് ഇര അഡിക്ടഡ് ആവും. ബാക്കിയെല്ലാം വിട്ട് അതിനോട് അറ്റാച്ചഡ് ആയി, താൻ ഓരോ നിമിഷവും ഉരുകി തീരുന്നത് തിരിച്ചറിയാൻ സാധിക്കാതെ, അതിന് വേണ്ടി കാത്തിരിക്കും. താൻ സന്തോഷവതിയാണ്, തങ്ങളുടെ ബന്ധം ഐഡിയൽ ആണെന്ന് ഉറച്ച് വിശ്വസിക്കും.
Trauma bonding, അതായത് അബ്യൂസ് ചെയ്യുന്ന ആളും ചെയ്യപ്പെടുന്ന ഇരയും തമ്മിൽ ശക്തമായ വൈകാരിക ബന്ധം രൂപപ്പെടുന്നതിന് അടിസ്ഥാനം മേൽപ്പറഞ്ഞ intermittent reinforcement ആണ്.
4) Learned helplessness
Martin Seligman എന്നൊരു അമേരിക്കൻ സൈക്കോളജിസ്റ്റ് നടത്തിയ പരീക്ഷണമാണ് പറയുന്നത്. പട്ടികളെ രണ്ട് ഗ്രൂപ്പ് ആയി തിരിച്ച്, രണ്ട് കൂട്ടിലിട്ടേക്കുന്നു. അതിൽ ഒരു കൂടിന്റെ ഫ്ലോറിൽ നിന്ന് ഇടയ്ക്കിടെ ഇലക്ട്രിക് ഷോക്ക് അടിക്കുന്നു. അത് നിയന്ത്രിക്കാനോ, ഒഴിവാക്കി വിടാനോ ആ കൂട്ടിൽ കിടക്കുന്ന പട്ടികൾക്ക് സാധിക്കില്ലാ. അങ്ങനെ കുറെ ഷോക്ക് അവർക്ക് കിട്ടിയ ശേഷം, ഈ രണ്ട് കൂടുകളും അടുപ്പിച്ചു വെയ്ക്കുന്നു.
ഒന്ന് ചാടി കടന്നാൽ, ഷോക്ക് അടിക്കാത്ത കൂട്ടിൽ പോവാം എന്ന അവസ്‌ഥ. ഒരു കൂട്ടം പട്ടികൾ പെട്ടെന്ന് ചാടി അപ്പുറത്ത് പോയിട്ടും, കുറച്ച് പട്ടികൾ ഷോക്ക് അടിക്കുന്ന കൂട്ടിൽ തന്നെ, ചാടി പുറത്ത് പോവാൻ യാതൊരു മോട്ടിവേഷനും കാണിക്കാതെ, തുടരുന്നു. They had learned to become helpless. (ഒറിജിനൽ എക്സ്‌പെരിമെന്റിൽ മൂന്ന് ഗ്രൂപ്പ് ഉണ്ട്, സിംപിളായിട്ട് തത്വം പറഞ്ഞതാ).
തങ്ങളുടെ കണ്ട്രോളിൽ അല്ലാത്ത, വിചാരിച്ചാലും ഒഴിവാക്കാൻ പറ്റാത്ത ട്രോമ നിരന്തരമായി നേരിടേണ്ടി വരുമ്പോൾ ചില മനുഷ്യരിൽ കാണപ്പെടുന്ന നിസ്സഹായതയ്ക്കാണ് learned helplessness എന്ന് പറയുന്നത്. എത്ര 'ഷോക്ക്' അടിച്ചാലും ആ ബന്ധത്തിൽ നിന്ന് പുറത്ത് കടക്കാനുള്ള യാതൊരു ശ്രമവും അവർ നടത്തില്ലാ.
5) പങ്കാളിയുടെ 'രക്ഷകൻ' ആവുക
മിക്കവാറും ഭർത്താവ് നൽകുന്ന ഒരു സെന്റി ഡയലോഗ് ഉണ്ട്. തന്റെ ജീവിത സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെ ടെറർ ആക്കിയത്. ചെറുപ്പത്തിൽ സ്നേഹം കിട്ടാതെ വളർന്ന് കൊണ്ടാണ് താൻ ഇങ്ങനെ ആയത്. നീ മാത്രമേ എന്നെ മനസ്സിലാക്കിയിട്ടുള്ളൂ, ശരിക്കും സ്നേഹിച്ചിട്ടുള്ളൂ. നീ കൂടെ ഇട്ടിട്ട് പോയാൽ, ഞാൻ പൂർണ്ണമായും നശിക്കും.
ഈ കഥ കേൾക്കുന്ന ഭാര്യയ്ക്ക് സ്വാഭാവികമായും താൻ ഒരു 'രക്ഷകൻ' ആയ പോലെ അനുഭവപ്പെടും. സ്നേഹിച്ച് ഭർത്താവിനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരാനും, അതിന് വേണ്ടി എന്തും സഹിക്കാനും അവർ തയ്യാറാവുന്നു. സ്നേഹത്തിന് വേണ്ടി ത്യാഗം ചെയ്യുന്നത് അത്രയും ഗ്ലോറിഫൈ ചെയ്ത് വച്ചേക്കുന്ന നാടാണല്ലോ നമ്മുടെ.
അവർ വിട്ട് പോയാലും, ഇപ്പറഞ്ഞ ആൾക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന സത്യം അവർ തിരിച്ചറിയുകയേ ഇല്ലാ. അയാൾ അടുത്ത ഇരയെ തേടും, അത്ര തന്നെ.
6) നാട്ടുകാർ എന്ത് വിചാരിക്കും
നമ്മുടെ നാട്ടിൽ വളരെ റെലവന്റ് ആണീ സംഭവം. കുറെ പൊന്നും പണവും കൊടുത്ത് എന്റെ വീട്ടുകാർ എന്നെ കെട്ടിച്ചതല്ലേ, എങ്ങനെ എല്ലാം വിട്ടെറിഞ്ഞ് തിരിച്ച് പോവും. അവർക്ക് നാണക്കേടാവില്ലേ, ഇത്രയും നാളും പെർഫെക്ട് ആയി പോയ അവരുടെ ഗ്രാഫിൽ ഇതൊരു ബ്ലാക്ക് മാർക് ആവില്ലേ. അയൽക്കാർ, കുടുംബക്കാർ, നാട്ടുകാർ, എല്ലാവരും എന്നെ കുറ്റം പറയും, ഒറ്റപ്പെടുത്തും. അത് കൊണ്ട് ഇങ്ങനെ പോട്ടേ, ഇതിപ്പോൾ എന്റെ ജീവിതം മാത്രമല്ലേ നശിക്കുള്ളൂ. എന്റെ വീട്ടുകാർ, കുഞ്ഞുങ്ങൾ എല്ലാവരും ഹാപ്പി ആയിട്ടിരിക്കുമല്ലോ.
ഇങ്ങനെയുള്ള ചിന്തകൾ കാരണം, എത്ര ഭീകരമായ ടോർച്ചറും സഹിച്ച് ജീവിക്കുന്ന അനേകം പേരുണ്ട് സമൂഹത്തിൽ. എന്തൊരു അവസ്ഥയാണ് അല്ലേ.
ഈ സമൂഹമോ വിദ്യാഭ്യാസമോ അയൽക്കാരോ നാട്ടുകാരോ, സ്വന്തം ഉപ്പയും ഉമ്മയും പോലും, അബ്യൂസീവായൊരു ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കില്ലാ, ഉപദേശിക്കില്ലാ.
'വിട്ട് വീഴ്‌ച' ചെയ്ത് തുടരാനും, 'സ്നേഹ'ത്തിന് വേണ്ടി സഹിക്കാനും ചെയ്യാനുമല്ലേ എല്ലാവരും എപ്പോഴും പറഞ്ഞ് തന്നിട്ടുള്ളത്. ദീനും അത് തന്നെയാണ് കൽപ്പിക്കുന്നത്. പരമാവധി വിട്ടുവീഴ്ച ചെയ്യാനാണ് ഇസ്ലാം കൽപ്പിക്കുന്നത്. എന്നാൽ അതും കഴിയാതെയായാൽ..?!
മതി ത്യാഗം ചെയ്തത്, ഇത് നിങ്ങളുടെ ജീവിതമാണ്, ഇനിയും എരിഞ്ഞ് തീരേണ്ട ആവശ്യമില്ല എന്ന് തീരുമാനമെടുക്കാം. ഉടനെ തീരുമാനമെടുത്ത് ഇറങ്ങുക. അതിന് മേൽപ്പറഞ്ഞ ഏതുമാവാം തടസ്സമായി നിൽക്കുന്നത്, അത് തിരിച്ചറിയാനും പരിഹരിക്കാനും ഈ എഴുത്ത് സഹായകമാവുമെന്ന് കരുതുന്നു.
🤲🏼റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ ബന്ധങ്ങളിൽ ബറകത് നൽകട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
NB: (ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത് ബന്ധം വിച്ഛേദിക്കാനുള്ള പ്രോത്സാഹനമല്ല. ഇണയുടെ കുറ്റവും കുറവും മനസ്സിലാക്കി പൊരുത്തപ്പെട്ട് ജീവിച്ചാൽ തക്കതായ പ്രതിഫലം പറഞ്ഞ മതമാണ് ഇസ്ലാം. മറിച്ച്, ഒരു നിലക്കും മുന്നോട്ടുപോവാൻ കഴിയാത്ത ബന്ധങ്ങളിൽ ചിലരെങ്കിലും ഇത് എന്റെ വിധിയാണ്, ഈ ജീവിതം ഇനി ഇങ്ങനെ അങ്ങ് തീരട്ടെ എന്നു മനസ്സ് മടുത്ത് ശപിച്ചു ജീവിക്കുന്ന ചിലരെങ്കിലും സമൂഹത്തിൽ കാണാൻ കഴിയും. അവർക്കുള്ളതാണെന്ന് ഓർമ്മപ്പെടുത്തുന്നു.)

Comments