മനസറിഞ്ഞ് സംസാരിക്കാത്ത ഇണകൾ |Spouses who do not talk to each other
മനസറിഞ്ഞ് സംസാരിക്കാത്ത ഇണകൾ
വളരെ സുദൃഢവും മധുരതരവുമാകേണ്ടതാണ് ദാമ്പത്യ ബന്ധങ്ങൾ. എന്നാൽ അവ തകർന്നടിഞ്ഞു കൊണ്ടിരിക്കുകയാണിന്ന്. സ്നേഹം കൊണ്ടും കൊടുത്തും കഴിയേണ്ടവർ പരസ്പരം കലഹിക്കുന്നു. ഹൃദയ വികാരങ്ങൾ പരസ്പരം പങ്കുവെക്കേണ്ടവർ അറച്ചും
വെറുത്തും കഴിഞ്ഞു കൂടുന്നു. ദാമ്പത്യത്തിന് പൊരുത്തക്കേടുകളാൽ പുഴുക്കുത്ത് സംഭവിക്കുകയാണ്.
പരസ്പര വിശ്വാസവും ആദരവും
ദമ്പതികൾക്കിടയിൽ നഷ്ടപ്പെട്ടിരിക്കുന്നു. മധുപകരേണ്ട ദാമ്പത്യം പകയും വിദ്വേഷവും കൊണ്ട് കനലെരിയുകയാണ്. സമാധാനവും സ്വാസ്ഥ്യവുമാണ് ദാമ്പത്യത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. അത് ഊരാക്കുടുക്കുകളായി പ്രയാസം തീർക്കുന്നത് എന്ത് മാത്രം
ഖേദകരമാണ്.
“സമാധാനപൂർവ്വം ഒത്തുചേരുന്നതിനായി സ്വന്തത്തിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചത് അവന്റെ (അല്ലാഹുﷻവിന്റെ) ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. നിങ്ങൾക്കിടയിൽ അവൻ കാരുണ്യവും സ്നേഹവും ചൊരിയുകയും ചെയ്തിരിക്കുന്നു."
(വി.ഖുർആൻ)
ഫ്ളോറിഡാ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്രജ്ഞനായ ഡോ:ബെഞ്ചമിൻ കാർനെ ദമ്പതിമാർക്കിടയിൽ ഒരു പഠനം നടത്തി. നാരിമാരോടായി അദ്ദേഹം ചോദിച്ചു: “അടുത്ത ജന്മത്തിലും ഈ ഭർത്താക്കന്മാരോടൊപ്പം ജീവിക്കാമോ?” അവർ ഉടനടി പ്രതികരിച്ചു: “വേണ്ട... വേണ്ട... അടുത്ത ജന്മത്തിലും ഇവരോടൊപ്പം ജീവിക്കാനോ? ഞങ്ങളില്ല."
ഭാര്യമാരിൽ 56 ശതമാനവും ഈ അഭിപ്രായക്കാരായിരുന്നു.
എന്നാൽ ഭർത്താക്കന്മാരിൽ 71 ശതമാനവും അഭിപ്രായപ്പെട്ടത് "ഇവർ തന്നെയായാലും വലിയ കുഴപ്പമൊന്നുമില്ല" എന്നായിരുന്നു. ദമ്പതിമാരിൽ നിന്നു ശേഖരിച്ച വിവരമനുസരിച് 6-7കൊല്ലം കഴിയുന്നതോടെ ദാമ്പത്യനൗക ഉലയാൻ തുടങ്ങുന്നുവെന്നാണ് റിപ്പോർട്ട്. യൂറോപ്പിൽ എൺപതുകൾക്ക് ശേഷം വിവാഹമോചനം നാലിരട്ടിയായി വർദ്ധിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്.
ജീവിതാവസാനം വരെ ഒന്നിച്ചു കഴിയേണ്ടവരാണ് ഭാര്യാഭർത്താക്കന്മാർ. അൽപസ്വൽപ പ്രശ്നങ്ങളും പൊരുത്തക്കേടുകളുമൊക്കെ സ്വാഭാവികമാണ്. വിട്ടുവീഴ്ചയും സഹകരണ മനോഭാവവുമുണ്ടെങ്കിൽ
ഒന്നും ഒരു പ്രശ്നമല്ല. പരസ്പര ബാധ്യതകൾ അറിഞ്ഞും മനസ്സിലാക്കിയും പ്രവർത്തിക്കണം.
വിശുദ്ധ ഖുർആൻ വശേഷിപ്പിച്ചത്, ഭാര്യ ഭർത്താക്കന്മാർ പരസ്പരം വസ്ത്രങ്ങളാണെന്നാണ്. സുഖദുഃഖങ്ങളിൽ പങ്ക് കൊള്ളേണ്ടവരാണവർ. ഇരുമെയ്യാണെങ്കിലും ഒരു മനവുമായി ഒത്തൊരുമയോടെ കഴിയണം. ചില്ലറ പ്രശ്നങ്ങൾ ഊതിവീർപ്പിക്കാതെ പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കണം.
തൊട്ടതും പിടിച്ചതുമൊക്കെ കുറ്റമായി കാണുന്ന ചിലരുണ്ട്. പ്രശ്നങ്ങളുടെ നീർച്ചുഴിയിലേക്കാണ് അത്തരക്കാർ ചെന്നെത്തുന്നത്. തന്മൂലം സന്തോഷത്തോടെ കഴിയേണ്ടവർ ജീവിതകാലം മുഴുവൻ കണ്ണുനീർ കുടിക്കുന്ന അവസ്ഥയാണുണ്ടായിത്തീരുന്നത്.
ദാമ്പത്യബന്ധത്തിന്റെ സുദൃഡതക്ക് ആവശ്യമായ കാര്യങ്ങൾ ഇസ്ലാം പറഞ്ഞു തിന്നിട്ടുണ്ട്. അവ പ്രാവർത്തികമാക്കണം. എങ്കിൽ
തീർച്ചയായും ദാമ്പത്യം പുഷ്കലമാകും. കടപ്പാടുകൾ അറിഞ്ഞ് പ്രവർത്തിക്കുക. അതാണവയിൽ പരമപ്രധാനം. ദമ്പതികൾ തമ്മിൽ ആദരവും ബഹുമാനവും കാത്തുസൂക്ഷിക്കുകയും വേണം.
ഭാര്യക്ക്മേൽ ഭർത്താവിന് അധികാരാധിപത്യമുണ്ടെന്നത് നേരാണ്. എന്നാൽ അത് അടിച്ചമർത്തലുകൾക്കോ അവകാശ നിഷേധങ്ങൾക്കോ ഉള്ള ലൈസൻസല്ല. രണ്ട് പേർക്കും തങ്ങളുടേതായ ബാധ്യതകളുണ്ട്, അവകാശങ്ങളും. ദമ്പതികൾ മനഃപൊരുത്തത്തോടെ ജീവിക്കണമെന്നാണ് ഇസ്ലാമിന്റെ താൽപര്യം.
ദാമ്പത്യത്തിന്റെ പവിത്രതക്ക് ഇസ്ലാം വിലകല്പിച്ചിട്ടുണ്ട്. എന്നാൽ ഭർത്താവിന് വഴിപ്പെടൽ അടിമത്തവും അവകാശ നിഷേധവുമായി ചിത്രീകരിക്കുന്നുണ്ട് ചിലർ. “പുരുഷന് ഭാര്യ ഒഴിച്ചു കൂടാനാവാത്ത ശാപമാണെന്നാണ് ഗൽബർട്ട് മുറെ നിരീക്ഷിച്ചത്."
മാധവിക്കുട്ടി എഴുതുന്നു: “എന്റെ ഭർത്താവിന്റെ ആശ്ലേഷണത്തിൽ ഞാൻ വീണ്ടും വ്യഭിചാരിണിയായി. വസ്ത്രങ്ങൾക്കും ഭക്ഷണത്തിനും വേണ്ടി ഒരാൾക്ക് കീഴടങ്ങുന്നവളാണല്ലോ യഥാർത്ഥ വ്യഭിചാരിണി.”
(രാധയുടെ കത്ത്, എന്റെ ചെറുകഥകൾ, പേജ് 132)
“എന്റെ ചുംബനങ്ങൾ നിന്നെ വെറുപ്പിക്കുന്നുവോ? എന്ന് ഭർത്താവ്
ചോദിക്കുമ്പോൾ, ഒരു ശവത്തിന് അതിനെ കൊത്തിവലിക്കുന്ന പറവകളോടും പുഴുക്കളോടും വെറുപ്പു തോന്നാറുണ്ടോ എന്നവൾ (രാധ) ആത്മഗതം ചെയ്യുന്നു”. (Ibid പേജ് 132)
സൈബർ പുതുലോകത്തെ കച്ചവടക്കണ്ണ് ദാമ്പത്യത്തിലും ചെന്ന് പതിച്ചിരിക്കുന്നു. "വാട്ട് ഈസ് മൈ ബെനിഫിറ്റ്? എനിക്കെന്ത് കിട്ടും?" എന്നതിനെ അടിസ്ഥാനമാക്കിയാണ് ദാമ്പത്യത്തിലെ പൊരുത്തവും പൊരുത്തക്കേടുകളും സംഭവിക്കുന്നത്. മനസ്സറിഞ്ഞ് ഇണയോടൊന്ന് സംസാരിക്കാനോ സ്നേഹവികാരങ്ങൾ പങ്കുവെക്കാനോ ആധുനികന് നേരമില്ല. സൈബർ ചാറ്റിങ്ങിലൂടെ വിദേശത്തുള്ള ഫ്രണ്ടിനോട് സംസാരിക്കാനാണ് ഏവർക്കും താൽപര്യം. സൗകര്യങ്ങളും ജീവിത നിലവാരവും വർദ്ധിച്ചു. ഫലമോ? ബന്ധങ്ങൾക്ക് വിലയില്ലാതായി.
രതിക്രിയകൾ ദാമ്പത്യ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് അമേരിക്കയിലെ സെക്സ് തെറാപ്പിസ്റ്റുകൾ അഭിപ്രായപ്പെടുന്നുവെന്ന് “രതിയും ഇന്റർനെറ്റും" എന്ന ഡോക്ടർമാർക്കുള്ള ഗൈഡിൽ കൂപർ പറയുന്നു. ഇന്റർനെറ്റിലെ ശൃംഗാരത്തിൽ തുടങ്ങി പലപ്പോഴും ഡൈവോഴ്സിൽ അവസാനിക്കുന്നതിനെ കുറിച്ച് ഗൗരവമായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് കൂടി അദ്ദേഹം നിർദ്ദേശിക്കുന്നു.
ഭാര്യയെ കൂടാതെ മറ്റൊരു സ്ത്രീയെ ഇന്റർനെറ്റിൽ അന്വേഷിക്കുന്ന ഭർത്താക്കന്മാർ ഏറ്റവും കൂടുതൽ ഇന്ത്യയിലാണെന്ന് ഒരു സർവെ വ്യക്തമാക്കുന്നുണ്ട്. വിവാഹിതരായ ആറ് സ്ത്രീകളെ തന്റെ വരുതിയിൽ വീഴ്ത്തിയ ഒരു വിരുതന്റെ കഥ 2002 ആഗസ്റ്റിൽ ബി.ബി.സി. റിപ്പോർട്ട് ചെയ്തിരുന്നു.
*ഭാര്യയോടുള്ള ബാധ്യതകൾ*
വിശുദ്ധ ഖുർആൻ പറയുന്നു: “നിങ്ങൾ അവരോട് (ഭാര്യമാരോട്) നല്ലരീതിയിൽ വർത്തിക്കുക” (4:19)
നബി ﷺ പറയുന്നു: “മാന്യനല്ലാതെ സ്ത്രീയോട് മാന്യമായി പെരുമാറുകയില്ല. നീചൻ മാത്രമേ സ്ത്രീയോട് നിന്ദ്യമായി പെരുമാറുകയുള്ളൂ.” (ഹദീസ്)
ഒരിക്കൽ ഒരനുചരൻ നബിﷺയോട് ചോദിച്ചു: “ഭാര്യമാരോടുള്ള നമ്മുടെ ബാധ്യതകൾ എന്തെല്ലാമാണ്..?" പ്രവാചകൻ ﷺ പറഞ്ഞു: “നീ ആഹരിച്ചാൽ അവളെയും ആഹരിപ്പിക്കുക. നീ വസ്ത്രം ധരിച്ചാൽ അവളെയും ധരിപ്പിക്കുക. മുഖത്തടിക്കരുത്. അസഭ്യം പറയരുത്. വീട്ടിൽ വെച്ചല്ലാതെ അവളോട് പിണങ്ങരുത്."
*ഭർത്താവിനോടുള്ള ബാധ്യതകൾ*
ഒരിക്കൽ പ്രവാചക സന്നിധിയിൽ ഒരു സ്ത്രീ വന്നു പറഞ്ഞു: “ജിഹാദ് അല്ലാഹു ﷻ പുരുഷന്മാർക്കാണ് നിശ്ചയിച്ചിട്ടുള്ളത്. അവർക്കതിന് പ്രതിഫലം ലഭിക്കുന്നു. ഞങ്ങൾ സ്ത്രീകളാണെങ്കിൽ ആ ജിഹാദിനു സൗകര്യം ചെയ്തുകൊടുക്കുന്നു. ഞങ്ങൾക്കും അതിൽ വല്ലതും ലഭിക്കുമോ..?” നബി ﷺ പറഞ്ഞു: “നീ കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകളോടും പറയുക. ഭർത്താവിനോടുള്ള അനുസരണയും ബാധ്യതാ നിർവ്വഹണവും ജിഹാദിനു തുല്യം പ്രതിഫലാർഹമാണെന്ന്. നിങ്ങളിൽ അധിക പേരും അങ്ങനെയല്ല."
നബി ﷺ പറഞ്ഞു: “ഞാൻ ഒരാളോട് മറ്റൊരാളുടെ മുമ്പിൽ സുജൂദ് ചെയ്യാൻ കൽപിക്കുമായിരുന്നുവെങ്കിൽ സ്ത്രീയോട് സ്വന്തം ഭർത്താവിന് സുജൂദ് ചെയ്യാൻ കൽപിക്കുമായിരുന്നു.”
(ഹദീസ്)

Comments